എന്റെ മകനെ തിരിച്ചുതരുന്നവർക്ക് ഞാൻ വോട്ട് ചെയ്യും: നജീബിന്റെ ഉമ്മ

By Web TeamFirst Published Apr 17, 2019, 4:08 PM IST
Highlights

വെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ തനിക്കും കുടുംബത്തിനും രണ്ടാമത്തെ കാര്യമാണ്. തങ്ങൾക്ക് വേണ്ടത് മകനെയാണെന്നും ഫാത്തിമ പറയുന്നു.‌

ദില്ലി:''ആരും എന്നോട് സഹതാപം കാണിക്കേണ്ട. എന്റെ മകനെ എനിക്ക് തിരിച്ചുതരുമെന്ന് ഉറപ്പിച്ച് പറയാനും അത് പാലിക്കാനും തയ്യാറുള്ള ആരെങ്കിലുമുണ്ടോയെന്നാണ് ഞാന്‍ നോക്കുന്നത്. എന്റെ വീട്ടില്‍ വോട്ട് ചോദിച്ച് വരുന്ന പാര്‍ട്ടിക്കാരോട് ഞാന്‍ പറയുന്ന ഒരേയൊരു കാര്യവും ഇത് തന്നെയാണ്. എന്റെ മകനെ തിരിച്ചു തരുന്ന ഏത് പാര്‍ട്ടിക്കും ഞാന്‍ വോട്ട് ചെയ്യും.''ജെഎൻയു വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ വാക്കുകകളാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ട് ചോദിച്ചെത്തുന്ന നേതാക്കളോടാണ് ഈ അമ്മയുടെ കണ്ണീരിൽ കുതിർന്ന ചോദ്യം.

വെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ തനിക്കും കുടുംബത്തിനും രണ്ടാമത്തെ കാര്യമാണ്. തങ്ങൾക്ക് വേണ്ടത് മകനെയാണെന്നും ഫാത്തിമ പറയുന്നു.‌ ഏപ്രിൽ 23 നാണ് ഫാത്തിമക്ക് വോട്ടുള്ള ഉത്തര്‍പ്രദേശിലെ ബദോനില്‍ വോട്ടെടുപ്പ് നടക്കുന്നത്.  വോട്ട് അഭ്യാർത്ഥിച്ചുകൊണ്ട് വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികൾ വീട്ടിലെത്തി വാഗ്ദാനങ്ങളും സഹതാപവും മാത്രമാണ് പ്രകടിപ്പിച്ചത്. നജീബിനെ കാണാതായി രണ്ടര വർഷം കഴിഞ്ഞിട്ടും തന്റെ മകൻ തിരിച്ചുവരും എന്ന പ്രതിക്ഷയിലാണ് ഈ അമ്മ.

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും പിജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. കാണാതായതിന്റെ തലേന്ന് എബിവിപി പ്രവര്‍ത്തകരുമായി നജീബ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ നജീബിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ ആദ്യം കേസ് അന്വേഷിച്ച ദില്ലി പൊലീസിനായില്ല. ഇതിനെ തുടര്‍ന്നാണ് സിബിഐക്ക് കേസ് കൈമാറിയത്.

ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നജീബിന്റെ ഉമ്മയും ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം സമരം നടത്തിയിരുന്നു. ഇന്ത്യയൊട്ടാകെയുള്ള വിവിധ ക്യാമ്പസുകളിലും നജീബ് തിരോധാനത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമരപരിപാടികള്‍ നടന്നിരുന്നു. നജീബിന്റെ തിരോധാനത്തിന് പിന്നിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് 2018 ഒക്ടോബർ പതിനഞ്ചിന് ദില്ലി ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ പറഞ്ഞത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സിബിഐ നജീബിന്റെ കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇന്നും നജീബ് എവിടെ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. 

click me!