ഫോനിക്ക് ശേഷം വെള്ളവും വെളിച്ചവുമില്ലാതെ ഒഡിഷ; ജനം തെരുവില്‍

By Web TeamFirst Published May 11, 2019, 10:06 AM IST
Highlights

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4.5 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. പുരി നഗരത്തില്‍ മാത്രം 1.5 ലക്ഷം വൈദ്യുതി കാലുകള്‍ തകര്‍ന്നു.

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ആഞ്ഞു വീശിയ ഒഡിഷയില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ വലയുന്ന ജനം തെരുവില്‍. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളുടെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളം വിതരണം പുനസ്ഥാപിക്കാനും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും സാധിച്ചിട്ടില്ല. അതിനിടെ, ദുരിതാശ്വാസം കൃത്യമായി എത്തിയില്ല എന്ന പരാതിയെ തുടര്‍ന്ന് ഒഡിഷ സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4.5 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. പുരി നഗരത്തില്‍ മാത്രം 1.5 ലക്ഷം വൈദ്യുതി കാലുകള്‍ തകര്‍ന്നു.  ഫോനിക്ക് ശേഷം കനത്ത ചൂടാണ് ഒഡിഷയില്‍ അനുഭവപ്പെടുന്നത്. വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഭുവനേശ്വറിന് സമീപം ഛക്കില്‍ ആയിരങ്ങള്‍ റോഡ് ഉപരോധിച്ചു. ആക്രമണം ഭയന്ന് ജീവനക്കാര്‍ പൊലീസ് സുരക്ഷ തേടിയതായി സെന്‍ട്രല്‍ ഇലക്ട്രിസിറ്റി സപ്ലൈ യൂട്ടിലിറ്റി ഓഫിസര്‍ എന്‍കെ സാഹു അറിയിച്ചു. വിവിധയിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

സമരത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടു. ഞായറാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന് സമരക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി. പുരി, ഖുര്‍ദ, കട്ടക്ക്, ജഗത് സിങ്പൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രം കൂടുതല്‍ മണ്ണെണ്ണ അനുവദിക്കണമെന്നും പണ ദൗര്‍ലഭ്യം ഒഴിവാക്കാനായി എടിഎമ്മുകളില്‍ കൂടുതല്‍ പണം ബാങ്കുകള്‍ നിക്ഷേപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

മേയ് മൂന്നിനാണ് ഒ‍ഡിഷയെ വിറപ്പിച്ച് ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 11 ലക്ഷം പേരെ കുടിയൊഴിപ്പിച്ചതിനാല്‍ ആള്‍നാശം കുറയ്ക്കാനായി. 41 പേര്‍ മരിക്കുകയും 5.08 ലക്ഷം വീടുകള്‍ തകരുകയും 34.56 ലക്ഷം കന്നുകാലികള്‍ ചാകുകയും ചെയ്തു. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

click me!