ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ; ഒഴിവായത് വൻദുരന്തം

By Web TeamFirst Published May 11, 2019, 9:11 AM IST
Highlights

 മധുരയിലേക്കും സെങ്കോട്ടയിലേക്കും പോകുകയായിരുന്ന ട്രെയിനുകളാണ് ഒരേ ട്രാക്കിൽ നേർക്കുനേർ സഞ്ചരിച്ചത്.

മധുര: സിഗ്നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തിയത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച മധുരയിലെ തിരുമം​ഗലം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. മധുരയിലേക്കും ചെങ്കോട്ടയിലേക്കും പോകുകയായിരുന്ന ട്രെയിനുകളാണ് ഒരേ ട്രാക്കിൽ നേർക്കുനേർ സഞ്ചരിച്ചത്. 10 കിലോമീറ്റർ അകലെയാണ് രണ്ട് ട്രെയിനുകൾ ഉണ്ടായിരുന്നത്. രണ്ട് മിനിറ്റ് വ്യത്യാസത്തിലാണ് വൻദുരന്തം ഒഴിവായത്.

കൃത്യമായ സി​ഗ്നൽ നൽകുന്നതിൽ തിരുമം​ഗലം റെയിൽവെ സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ‌ പരാജയപ്പെട്ടതാണ് സംഭവത്തിന് കാരണമായത്. തിരുമം​ഗലം, കല്ലി​ഗുഡി സ്റ്റേഷൻ മാസ്റ്റർമാർ തമ്മിൽ കൃത്യമായ ആശയവിനിമയം നടത്താത്തതും ട്രെയിനുകൾ നേർക്കുനേർ എത്തുന്നതിന് കാരണമായി. അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഡിവിഷണൽ റെയിൽവെ മാനേജർ വി ആർ ലെനിൻ ​രം​ഗത്തെത്തി. തിരുമം​ഗലം-കല്ലി​ഗുഡി സ്റ്റേഷനുകൾക്കിടയിൽ രണ്ട് ലെവൽ ക്രോസിങ് ഉള്ളതിനാൽ കൃത്യമായ സി​ഗ്നലുകൾ ലഭിക്കാതെ ട്രെയിനുകൾ മുന്നോട്ടേടുക്കില്ല. അതിനാൽ അപകട സാധ്യത വളരെ കുറവാണെന്നും ലെനിൻ പറഞ്ഞു.

സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ റെയിൽവെ നടപടിയെടുത്തു. രണ്ട് സ്റ്റേഷൻ മാസ്റ്റർ ഉൾപ്പടെ മൂന്ന് പേരെ ദക്ഷിണ റെയിൽവെ സസ്പെൻഡ് ചെയ്തു. ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയിൽവെ അറിയിച്ചു.  
  

click me!