യുപിയിലും ജഡ്ജിക്ക് നേരെ ആക്രമണം; വാഹനമിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം

By Web TeamFirst Published Jul 31, 2021, 1:53 PM IST
Highlights

ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടൽ മാറും മുമ്പാണ് ഉത്തര്‍പ്രദേശിൽ മറ്റൊരു ജഡ്ജിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഫത്തേര്‍പൂര്‍ പോക്സോ  സ്പെഷ്യൽ കോടതി ജഡ്ജി മുഹമ്മദ് അഹമദ് ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്.

ദില്ലി: ഝാര്‍ഖണ്ഡിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ കൊലപ്പെടുത്താൻ ശ്രമം. ഫത്തേപ്പൂര്‍ പോക്സോ കോടതി ജഡ്ജി മുഹമ്മദ് അഹമ്മദ് ഖാനെയാണ് എസ്.യു.വി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടൽ മാറും മുമ്പാണ് ഉത്തര്‍പ്രദേശിൽ മറ്റൊരു ജഡ്ജിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഫത്തേര്‍പൂര്‍ പോക്സോ  സ്പെഷ്യൽ കോടതി ജഡ്ജി മുഹമ്മദ് അഹമദ് ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. ഔദ്യോഗിക ആവശ്യത്തിനായി പ്രയാഗ് രാജിലേക്ക് നടത്തിയ യാത്രക്കിടെയായിരുന്നു സംഭവം. ജഡ്ജി സഞ്ചരിച്ച വാഹനത്തിലേക്ക് എസ്.യു.വി ഇടിച്ചുകയറ്റുകയായിരുന്നു. ജഡ്ജി ഇരുന്ന ഭാഗം ലക്ഷ്യമാക്കി മൂന്ന് തവണ ഇടിച്ചു. തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് നൽകിയ പരാതിയിൽ ജഡ്ജി പറയുന്നു. കാറിലുണ്ടായിരുന്ന ജഡ്ജിയുടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റു.

പോക്സോ കേസിൽ പ്രതിയായ കൗശാംബി സ്വദേശിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഡിസംബര്‍ മാസത്തിൽ തള്ളിയതിന് പിന്നീട് ജഡ്ജിക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നു. ആ കേസിലെ പ്രതികൾക്ക് ഇപ്പോഴത്തെ ആക്രമണവുമായി ബന്ധമുണ്ടാകാമെന്നും പരാതിയിലുള്ളത്. എസ്.യു.വി വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഝാര്‍ഖണ്ഡിൽ ജഡ്ജിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും സ്വമേധയാ കേസെടുത്തിരുന്നു. ഹൈക്കോടതി മേൽനോട്ടത്തിൽ എസ്.ഐ.ടിയാണ് കേസന്വേഷിക്കുന്നത്. ഓഗസ്റ്റ് 3ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എസ്.ഐ.ടിയോട് നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ സംഭവത്തിന്‍റെ ആഘാതം തുടരുന്നതിനിടെയാണ് ഇപ്പോൾ യുപിയിലും നിയമജ്ഞൻ ആക്രമിക്കപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!