പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു സംവാദം.
ദില്ലി: വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച സംവാദത്തിന്റെ ഒമ്പതാം പതിപ്പിന് തുടക്കമായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന സംവാദത്തിൽ പരീക്ഷയെ ഭയമില്ലാതെ നേരിടാനുള്ള മാർഗങ്ങൾ പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടക്കം നാലരക്കോടിയിലേറെ ആളുകളാണ് ഇത്തവണ പരീക്ഷാ പേ ചർച്ചയ്ക്കായി രജിസ്റ്റർ ചെയ്തത്.
ചോദിച്ചും പറഞ്ഞും ചിരിച്ചും കളിച്ചും സമ്മർദ്ദത്തിന് സ്ഥാനമില്ലാത്ത ഒരു സംവാദം. പ്രധാനമന്ത്രിയിൽ നിന്നും അധ്യാപകനിലേക്കുള്ള നരേന്ദ്രമോദിയുടെ മാറ്റത്തിനാണ് പരീക്ഷാ പേ ചർച്ച സംവാദം സാക്ഷ്യം വഹിച്ചത്. അസമിന്റെ പരമ്പരാഗത ഷോളായ ഗമോസ നൽകിയാണ് മോദി വിദ്യാർത്ഥികളെ സ്വീകരിച്ചത്. അസം സംസ്കാരത്തിൽ ഗമോസയ്ക്കുള്ള പ്രാധാന്യവും മോദി വിദ്യാർത്ഥികളോട് പറഞ്ഞു.
പരീക്ഷകളെ സമ്മർദ്ദം കൂടാതെ നേരിടുന്നതിനനെ കുറിച്ച് വിദ്യാർത്ഥികൾ ചോദിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മറുപടി നൽകി. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അപ്പുറം ജീവിതമെന്നത് പരീക്ഷകൾ മാത്രമല്ല എന്ന വലിയ പാഠം മോദി വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. പഞ്ചതന്ത്രം കഥകൾ മുതൽ എഐ വരെ സംവാദത്തിൽ ചർച്ചയായി. സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജീവിതത്തിൽ ശുചിത്വവും അച്ചടക്കവും പാലിക്കണമെന്നും മോദി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. ഒടുവിൽ പ്രധാനമന്ത്രിക്ക് നിറയെ സമ്മാനങ്ങൾ നൽകിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്. ദില്ലിക്ക് പുറമെ കോയമ്പത്തൂർ, റായ്പൂർ, ദേവ് മോഗ്രാ, ഗുവാഹത്തി എന്നിവിടങ്ങളിലും പരീക്ഷ പേ ചർച്ചയിൽ മോദി വിദ്യാർത്ഥികളുമായി സംവദിക്കും.

