'അടിത്തട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലം'; കപില്‍ സിബലിന് പിന്നാലെ ചിദംബരവും

By Web TeamFirst Published Nov 18, 2020, 5:39 PM IST
Highlights

ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ജയസാധ്യതയുണ്ടായിരുന്നു. ജയത്തിനടുത്തെത്തി തോറ്റത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.
 

ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് പിന്നാലെ പി ചിദംബരവും രംഗത്ത്. സംഘടനാപരമായി അടിത്തട്ടില്‍ കോണ്‍ഗ്രസിന് സാന്നധ്യമില്ലെന്നോ ഗണ്യമായി ക്ഷീണിച്ചെന്നുമാണ് ബിഹാര്‍ തെരഞ്ഞെടുപ്പിന്റെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം കാണിക്കുന്നതെന്ന് ചിദംബരം പറഞ്ഞു.  ദൈനിക് ജാഗരണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം വിമര്‍ശനമുന്നയിച്ചത്. 

യുപി, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ താന്‍ ആശങ്കാകുലനാണ്. പാര്‍ട്ടി അടിത്തട്ടില്‍ സംഘടനാപരമായി ദുര്‍ബലമാണെന്നോ അല്ലെങ്കില്‍ താരതമ്യേന ക്ഷീണിച്ചെന്നോ ആണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കൊവിഡ്, സാമ്പത്തിക തകര്‍ച്ച എന്നിവക്കിടയില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ജയസാധ്യതയുണ്ടായിരുന്നു. ജയത്തിനടുത്തെത്തി തോറ്റത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. അധികകാലം മുമ്പൊന്നുമല്ല രാജസ്ഥാനും ഛത്തീസ്ഗഢും ജാര്‍ഖണ്ഡും നമ്മള്‍ വിജയിച്ചത്. ചെറുപാര്‍ട്ടികള്‍ താഴെത്തട്ടില്‍ ശക്തമാണെന്ന് തെളിയുക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി എന്തു ചെയ്യുമെന്നാണ് നോക്കുന്നതെന്നും ചിദംബരം പറഞ്ഞു. എഐസിസി അധ്യക്ഷനായി ആര് വരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി. നേരത്തെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. 
 

click me!