സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലി, മുംബൈ അടക്കമുള്ള പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർലൈനുകൾ ഉപയോഗിക്കുന്ന നാവിറ്റെയർ സംവിധാനം തകരാറിലായതാണ് കാരണം. ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്ന പ്രശ്നം പിന്നീട് പരിഹരിച്ചു.

ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലി, മുംബൈ അടക്കം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ 6.45 മുതൽ ഏഴര വരെ 45 മിനിറ്റ് നേരമാണ് വിവിധ വിമാനത്താവളങ്ങളിൽ തടസം നേരിട്ടത്. ബുക്കിങിനും ചെക്ക്-ഇൻ ചെയ്യാനും എയർലൈനുകൾ ആശ്രയിക്കുന്ന നാവിറ്റെയർ സംവിധാനമാണ് തകരാറിലായതെന്നാണ് വിവരം. ഇതോടെ ചെക്ക് ഇൻ നടപടികൾ വൈകുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ വിമാനസർവീസുകളെ ഇത് ബാധിച്ചു. എന്നാൽ ദ്രുതഗതിയിൽ പരിഹാരം കണ്ട ഇൻഡിഗോ 25 മിനിറ്റിനുള്ളിൽ സംവിധാനം പൂർവസ്ഥിതിയിലാക്കി. രാവിലെ 8.25 ഓടെ പ്രതിസന്ധി പൂർണമായി പരിഹരിച്ചു.

റിസർവേഷനുകൾ, ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവയ്‌ക്കായാണ് വിമാനക്കമ്പനികൾ നാവിറ്റെയർ സിസ്റ്റത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സമാനമായ നിലയിൽ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം 800 വിമാന സർവീസുകൾ വൈകിയിരുന്നു. എന്നാൽ ഇന്ന് എത്ര വിമാന സർവീസുകൾ വൈകിയെന്ന കണക്ക് പുറത്ത് വന്നിട്ടില്ല. പ്രതിദിനം 1500 ലധികം വിമാന സർവീസുകൾ ദില്ലി വിമാനത്താവളത്തിലും 1000 ത്തിലേറെ സർവീസുകൾ മുംബൈ വിമാനത്താവളത്തിലും ഓപ്പറേറ്റ് ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്.