കാണാതായ വിമാനം എവിടെ? ഒരാഴ്ചയായിട്ടും തുമ്പില്ലാതെ വ്യോമസേന

By Web TeamFirst Published Jun 10, 2019, 9:09 PM IST
Highlights

മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം കനത്ത മഴയും കോടമഞ്ഞുമാണ് തിരച്ചില്‍ ദുഷ്കരമാക്കുന്നത്. ആകാശം മേഘാവൃതമായതിനാല്‍ വിമാനവും ഹെലികോപ്ടറും ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സമായി.  

ദില്ലി: 13 പേരുമായി അസമിലെ ജോര്‍ഹട് എയര്‍ബേസില്‍നിന്ന് പറന്നുയര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-32 യാത്രാ വിമാനം കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. ജൂണ്‍ മൂന്നിനാണ് വിമാനം റഡാറില്‍നിന്ന് മറയുന്നത്. വിമാനത്തിനായുള്ള തിരച്ചില്‍ വ്യോമസേന തുടരുകയാണ്. മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം കനത്ത മഴയും കോടമഞ്ഞുമാണ് തിരച്ചില്‍ ദുഷ്കരമാക്കുന്നത്. ആകാശം മേഘാവൃതമായതിനാല്‍ വിമാനവും ഹെലികോപ്ടറും ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സമായി.  

തിരച്ചില്‍ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിമാനം കണ്ടെത്തുന്നതിനായി അഞ്ച് പര്‍വതാരോഹകരെയും സഹായികളെയും നിയോഗിച്ചു. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എവറസ്റ്റ് കൊടുമുടി കയറി പരിചയമുള്ള അഞ്ച് പര്‍വതാരോഹകരെയാണ് പാരി മലനിരകളില്‍ തിരച്ചിലിന് നിയോഗിച്ചതെന്ന് അരുണാചല്‍ പ്രദേശിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജോര്‍ഹട്ട് എയര്‍ബേസിനില്‍നിന്ന് പറന്നുപൊങ്ങി 35 മിനിറ്റിന് ശേഷമാണ് വിമാന റഡാറില്‍നിന്ന് മറഞ്ഞത്. അരുണാചല്‍ പ്രദേശിലെ ഷി-യോമി ജില്ലയിലെ ലാന്‍ഡിങ് ഗ്രൗണ്ടിലേക്കാണ് അഞ്ച് യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്. ടാറ്റോ സര്‍ക്കിളിലോ മോണിഗോങ്ങിലോ വിമാനമെത്തിയതിന് ശേഷമാണ് റഡാറില്‍ സിഗ്നല്‍ നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ കരുതുന്നു.  ജൂണ്‍ എട്ടിന് അന്വേഷണം വിലയിരുത്തുന്നതിനായി എയര്‍ ചീഫ് ബിഎസ് ധനോവ ജോര്‍ഹട്ടിലെത്തിയിരുന്നു. 

click me!