Latest Videos

പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് തലപ്പത്ത് വീണ്ടും മലയാളി; ഇനി രഘുനാഥ് നമ്പ്യാര്‍

By Web TeamFirst Published Mar 1, 2019, 4:00 PM IST
Highlights

39 വര്‍ഷത്തെ സേവനം 2019  ഫെബ്രുവരി 28ന് അവസാനിച്ചതോടെയാണ് ഹരികുമാറിന്‍റെ  പടിയിറക്കം. പകരം പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവി സ്ഥാനത്ത് എത്തുന്നത് കണ്ണൂര്‍ സ്വദേശിയായ രഘുനാഥ് നമ്പ്യാരാണ്

ദില്ലി: പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന മലയാളി, എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പകരം എത്തുന്നത് മറ്റൊരു മലയാളി. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയായ ഹരികുമാര്‍ വിരമിക്കുന്നതോടെയാണ് കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാര്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നത്. നിലവില്‍ കിഴക്കന്‍ എയര്‍ കമാന്‍ഡിന്‍റെ മേധാവിയാണ് രഘുനാഥ് നമ്പ്യാര്‍. 

39 വര്‍ഷത്തെ സേവനം 2019  ഫെബ്രുവരി 28ന് അവസാനിച്ചതോടെയാണ് ഹരികുമാറിന്‍റെ  പടിയിറക്കം. 2017 ജനുവരി ഒന്നിനാണ് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് തലവനായി ഹരികുമാര്‍ എത്തുന്നത്. വ്യോമസേനയുടെ പല പ്രധാനപ്പെട്ട ഓപ്പറേഷനുകളിലും പങ്കാളിയായ അദ്ദേഹം  1979 ഡിസംബര്‍ 14നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ പങ്കാളിയായത്. 

Read More: ചരിത്രമായ വ്യോമസേന ദൗത്യത്തിന് പിന്നില്‍ മലയാളിയുടെ സാന്നിധ്യം

1981 ലാണ് രഘുനാഥ് നമ്പ്യാര്‍ വ്യോമസേനയില്‍ സേവനം ആരംഭിച്ചത്. കാർഗില്‍ യുദ്ധത്തിനിടെ അഞ്ചോളം പാകിസ്ഥാന്‍ പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്ത സംഭവത്തോടെ രഘുനാഥ് നമ്പ്യാര്‍ കാര്‍ഗില്‍ യുദ്ധത്തിലെ 'ഹീറോ'  എന്നാണ് അറിയപ്പെടുന്നത്. കാര്‍ഗില്‍ യുദ്ധകാലത്ത് മിറാഷ് 2000  സ്വക്രോഡിനെ നയിച്ച അദ്ദേഹം 25-ഓളം ഓപ്പറേഷനുകളില്‍ പങ്കാളിയായിരുന്നു. 

മിറാഷ് 2000 യുദ്ധവിമാനം ഏറ്റവും അധികം സമയം പറത്തിയ റെക്കോര്‍ഡും റഘുനാഥ് നമ്പ്യാരുടേതാണ്. ഇതുവരെ 2300 മണിക്കൂറാണ് അദ്ദേഹം മിറാഷ് യുദ്ധവിമാനങ്ങള്‍ പറത്തിയത്. ആകെ 5100 മണിക്കൂറോളം യുദ്ധവിമാനങ്ങള്‍ പറത്തിയ പരിചയമുണ്ട് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക്. 

വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖല ഉള്‍പ്പെടുന്നതാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശ്ചിമ എയര്‍കമാന്‍ഡ്. ഇന്ത്യന്‍ വ്യോമസേനയുടെ ആകെയുള്ള ബേസ് സ്റ്റേഷനുകളിൽ നാല്‍പ്പത് ശതമാനവും പശ്ചിമ എയര്‍ കമാന്‍ഡിന് കീഴിലാണ്. 

പരമവിശിഷ്ട സേവാ മെഡല്‍,അതിവിശിഷ്ട സേവാ മെഡല്‍, വ്യോമസേന മെഡലുകള്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016 ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ 228 വിമാനം പറത്തിയതും കണ്ണൂരുകാരനായ രഘുനാഥ് നമ്പ്യാരായിരുന്നു. 

click me!