
ആഗ്ര(Agra): ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന് (Sri krishna idol) പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച് പൂജാരി(priest). ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കാണ് പരിക്കേറ്റ കൃഷ്ണ വിഗ്രഹവുമായി പൂജാരിയെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടു. കഴിഞ്ഞ ദിവസം രാവിലെ കുളിപ്പിക്കുമ്പോഴാണ് വിഗ്രഹത്തിന്റെ കൈയില്‍ പരിക്കേറ്റത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തിനെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് പരിക്കേറ്റതെന്ന് പൂജാരി ലേഖ് സിങ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് താന്‍ നിരാശനായി. വിഗ്രഹവുമായി തനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. സങ്കടം സഹിക്കവയ്യാതെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോയി-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി അര്‍ജുന്‍ നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം. തന്റെ അപേക്ഷ ആദ്യം ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ല. ഞാനാകെ തകര്‍ന്നു. ഒടുവില്‍ പൊട്ടിക്കരഞ്ഞപ്പോഴാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വിഗ്രഹത്തെ ചികിത്സക്കണമെന്നാവശ്യപ്പെട്ട് പൂജാരി എത്തിയെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പൂജാരിയുടെ വികാരം മനസ്സിലാക്കിയെന്നും രജിസ്റ്ററില്‍ ശ്രീ കൃഷ്ണനെന്ന് രേഖപ്പെടുത്തി ചികിത്സ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam