Farm Law| 'ആ നിയമങ്ങൾ പിൻവലിച്ചത് ഇന്ത്യയിലെ എല്ലാവരുടെയും വിജയം';കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ച് യെച്ചൂരി

By Web TeamFirst Published Nov 19, 2021, 5:15 PM IST
Highlights

കർഷകരെ ഭീകരരും ഖലിസ്ഥാനികളുമാക്കി കേന്ദ്രസർക്കാർ ചിത്രീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമര ജീവികൾ എന്ന് പരിഹസിച്ചു. എന്നിട്ടും വിവാദ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

ദില്ലി: കര്‍ഷകസമരത്തിന് മുന്നില്‍ (Farmers Protest)  കീഴടങ്ങി മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും (Farm Laws) കേന്ദ്രസർക്കാർ പിന്‍വലിച്ചത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്ന് സിപിഎം (CPM) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram yechuri) പ്രതികരിച്ചു. കർഷക സമരത്തിന് അഭിവാദ്യം അർപ്പിക്കുന്നു. പാർലമെന്റിൽ ബിൽ പിൻവലിക്കും വരെ സമരം എന്ന കർഷക സംഘടനകളുടെ നിലപാടിനെ  പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

എം എസ് പി (MSP)യുടെ കാര്യത്തിൽ സർക്കാർ ഒരു ഉറപ്പും പറയുന്നില്ല. കമ്മിറ്റിയെ നിയോഗിക്കുമെന്നാണ് മോദി പറയുന്നത്. പക്ഷേ, വൈകുമ്പോൾ നിഷേധിക്കപ്പെടുന്നത് നീതിയാണ്. കർഷകരെ ഭീകരരും ഖലിസ്ഥാനികളുമാക്കി കേന്ദ്രസർക്കാർ ചിത്രീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമര ജീവികൾ എന്ന് പരിഹസിച്ചു. എന്നിട്ടും വിവാദ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

കര്‍ഷകസമരത്തിന് മുന്നില്‍  കീഴടങ്ങി കേന്ദ്രസർക്കാർ

"ഈ രാജ്യത്തോട് പറയുന്നു. മൂന്ന്  കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.  ക്ഷമ ചോദിക്കുന്നു. ഈ നിയമത്തെ കുറിച്ച് ബോധവത്കരിക്കാന്‍ പരമാവധി ശ്രമം നടത്തി.  എന്നാല്‍ ചില കര്‍ഷകര്‍ക്ക് ഒന്നും മനസിലാകുന്നില്ല". മോദിയുടെ വാക്കുകൾ

കാര്‍ഷിക  നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്പോഴാണ് ഇവ പിൻവലിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. സമരം ചെയ്യുന്ന കര്‍ഷകരുള്‍പ്പെട്ട സിഖ് സുമാദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല. കര്‍ഷകരുടെ നന്മക്കായാണ് നിയമങ്ങള്‍ കൊണ്ടു വന്നത്. ആത്മാര്‍ത്ഥതയോടെ സര്‍ക്കാര്‍  ചെയ്ത കാര്യങ്ങള്‍ ചില കര്‍ഷകര്‍ തെറ്റിദ്ധരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു . രാജ്യത്തോട് ക്ഷമ ചോദിച്ച മോദി സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപോകണമെന്നും അഭ്യര്‍ത്ഥിച്ചു. 

Read Also: ഒരു വർഷം നീണ്ട ഐതിഹാസിക സമരം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം- കർഷക സമര നാൾവഴികൾ

ഈ മാസം 29ന്  ചേരുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യ കാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലുകള്‍  സര്‍ക്കാര്‍ കൊണ്ടുവരും. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുടെ  അഭിസംബോധന കൊണ്ടു മാത്രം പിന്നോട്ടില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ്  വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു. വരുന്ന ഇരുപത്തിയാറിന് സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാക്കും വരെ  സമരഭൂമികളില്‍ കര്‍ഷകര്‍ തുടരും. 

Read Also: തെരഞ്ഞെടുപ്പ് കണ്ടുള്ള നീക്കമെന്ന് കോൺഗ്രസ്, പതനത്തിന്റെ തുടക്കമെന്ന് സിപിഎം, പ്രതികരിച്ച് നേതാക്കൾ

നിയമം പിന്‍വലിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തര്‍ പ്രദേശിലും പഞ്ചാബിലും  വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതും സര്‍ക്കാരിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചു. എന്നാല്‍  സമരം അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തി സുരക്ഷയില്‍ ആശങ്കയറിയിച്ച പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണം സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അധികാരത്തിലേറിയ ശേഷം  മോദി ആദ്യമായി കീഴടങ്ങുമ്പോള്‍ അനന്തര ഫലമെന്തെന്നത് നിര്‍ണ്ണായകമാണ്. 

Read Also: രാജ്യം കണ്ട സമാനതകളില്ലാത്ത സമരം; ഇനി ശ്രദ്ധാകേന്ദ്രം പാര്‍ലമെന്‍റ് സമ്മേളനം, പ്രതിപക്ഷം വിഷയം സജീവമാക്കും

#കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം; പിന്മാറ്റത്തിന് പിന്നിലെന്ത്?  കാണാം 'ഇന്നത്തെ വർത്തമാനം'

click me!