കര്‍ഷകര്‍ക്ക് പിന്തുണ; 2 ലക്ഷം രൂപയും സ്വര്‍ണമെഡലും അടക്കമുള്ള അവാര്‍ഡ് നിരസിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍

By Web TeamFirst Published Dec 10, 2020, 9:50 PM IST
Highlights

ചെടികളുടെ പോഷണം സംബന്ധിച്ച ഗവേഷണ മികവിനായിരുന്നു വരീന്ദര്‍ പാല്‍ സിംഗിന് അവാര്‍ഡ്. സ്വര്‍ണ മെഡലും പ്രശസ്തി പത്രവും രണ്ടുലക്ഷം രൂപയും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ വരീന്ദര്‍ പാല്‍ സിംഗാണ് കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൌഡയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഫേര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി അവാര്‍ഡാണ് വരീന്ദര്‍ പാല്‍ സിംഗ് നിഷേധിച്ചത്.

ചെടികളുടെ പോഷണം സംബന്ധിച്ച ഗവേഷണ മികവിനായിരുന്നു വരീന്ദര്‍ പാല്‍ സിംഗിന് അവാര്‍ഡ്. സ്വര്‍ണ മെഡലും പ്രശസ്തി പത്രവും രണ്ടുലക്ഷം രൂപയും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. എഫ്എഐ ഡയറക്ടര്‍ജനറല്‍ സതീഷ് ചന്ദര്‍ വരീന്ദര്‍ പാല്‍ സിംഗ് അവാര്‍ഡ് നിരസിച്ച വിവരം പിടിഐയോട് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിനിടെയാണ് അപ്രതീക്ഷ സംഭവങ്ങള്‍ നടന്നത്. അക്കാദമിക മികവിനുള്ള അവാര്‍ഡ് ഇത്ര ദൂരം വന്ന ശേഷം വരീന്ദര്‍ പാല്‍ സിംഗ് നിരസിച്ചത് ശരിയായില്ലെന്നാണ് സതീഷ് ചന്ദര്‍ പിടിഐയോട് വ്യക്തമാക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 34 അവാര്‍ഡുകളായിരുന്നു പ്രഖ്യാപിച്ചത്.

സംസ്ഥാന മന്ത്രിമാര്‍ അടക്കം സന്നിഹിതരായിരുന്ന വേദിയിലാണ് വരീന്ദര്‍ സിംഗ് അവാര്‍ഡ് നിരസിച്ചത്. കര്‍ഷകര്‍ ബുദ്ധിമുട്ടുകളുമായി റോഡുകളിലാണുള്ളത്. ഈ സമയത്ത് ഈ അവാര്‍ഡ് വാങ്ങാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നാണ് വരീന്ദര്‍ വിശദമാക്കുന്നത്. അവാര്‍ഡിന് തന്നെ പരിഗണിച്ചതിന് നന്ദി പറഞ്ഞ ശേഷം അവാര്‍ഡ് നിരസിച്ച വരീന്ദര്‍ പാല്‍ സിംഗ് കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ട ശേഷമാണ് വേദി വിട്ടത്. പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയി മണ്ണ് ശാസ്ത്ര വിഭാഗത്തിലെ പ്രിന്‍സിപ്പാള് കൂടിയാണ് വരീന്ദര്‍ സിംഗ്. 

click me!