
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. ഇതുവരെ 184 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. 158 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.
അതിനിടെ, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. 270 ഓളെ പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam