
അഹമ്മദാബാദ് : അഹമ്മദാബാദിൽ ഞായറാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ പെയ്തത് 115 മില്ലീമീറ്റർ മഴ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റെക്കോർഡാണ് ജൂലൈയിൽ ഒറ്റ ദിവസം കൊണ്ട് സൃഷ്ടിച്ചത്. വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ച മഴ നഗരത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നാശം വിതച്ചു. പടിഞ്ഞാറൻ നഗര പ്രദേശങ്ങളിൽ നിരവധി ആഡംബര ബംഗ്ലാവുകളിൽ താഴത്തെ നിലയിലേക്ക് വെള്ളം കയറി.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) കണക്കനുസരിച്ച്, നഗരത്തിൽ 114.7 മില്ലിമീറ്റർ മഴ ഏഴ് മണിക്കും 10 മണിക്കും ഇടയിൽ പെയ്തു. 2017 ജൂലൈയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്. പാൽഡിയിൽ 239 മില്ലീമീറ്ററും ബോഡക്ദേവിൽ 198 മില്ലീമീറ്ററും ഉസ്മാൻപുരയിൽ 196 മില്ലീമീറ്ററും മക്തംപുരയിൽ 182 മില്ലീമീറ്ററും ജോധ്പൂർ പ്രദേശങ്ങളിൽ 180 മില്ലീമീറ്ററും മഴ ലഭിച്ചു.
നഗരത്തിൽ 782 മില്ലിമീറ്റർ വാർഷിക മഴ രേഖപ്പെടുത്തി. ഞായറാഴ്ച പെയ്ത മഴ വാർഷിക ശരാശരിയുടെ 15% വരും. പാൽഡിയിൽ രാത്രി 11 മണി വരെ 302 മില്ലീമീറ്ററും ഉസ്മാൻപുരയിൽ 205 മില്ലീമീറ്ററും മക്തംപുരയിൽ 206 മില്ലീമീറ്ററും ബോഡക്ദേവിൽ 203 മില്ലീമീറ്ററും ജോധ്പൂരിൽ 203 മില്ലീമീറ്ററും ബോപാലിൽ 185 മില്ലീമീറ്ററും മണിനഗറിൽ 164 മില്ലീമീറ്ററും റാണിപ്പിൽ 133 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.