
ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം പ്രോട്ടോക്കോൾ പാലിക്കാതെ സംസ്കരിച്ചു. രാമനാഥപുരം സ്വദേശിയുടെ മൃതദേഹം വിട്ടുനൽകിയതിലാണ് വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. കൊവിഡ് ലക്ഷണങ്ങളോടെയാണ് മരിച്ചതെങ്കിലും പരിശോധനാ ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി.
ഞയറാഴ്ചയാണ് കൊവിഡ് പരിശോധന ഫലം ലഭിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ശവസംസ്കാരം കഴിഞ്ഞിരുന്നു. 50 ലേറെ പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. 71 വയസുകാരനാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ വകുപ്പ് ആരോപിക്കുന്നത്. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയാണ് മൃതദേഹം വിട്ടുകൊടുത്തത്. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ സംസ്കാരത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ മണികണ്ഠൻ അടക്കം 50 ഓളം പേർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലമായതിനാൽ 20 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്നാണ് നിയമം. സംസ്കാരത്തിൽ പങ്കെടുത്തവരെ 28 ദിവസം നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം അണ്ണാ ഡിഎംകെ നേതാക്കൾക്കെതിരെ അടക്കം ആരോപണവുമായി രാമനാഥപുരം എംപി നവാസ് കനി രംഗത്തെത്തി. മൃതദേഹം വിട്ടുനൽകിയ ആശുപത്രി അധികൃതർക്ക് എതിരെ നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam