
മദ്രാസ്: ചെന്നൈയില്‍ ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ അണ്ണാഡിഎംകെ നേതാവ് ജയഗോപാലിനെ തമിഴ്‍നാട് പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവിലായിരുന്ന ജയഗോപാലിനെ കൃഷ്ണഗിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ജയഗോപാലിന്‍റെ മകന്‍റെ വിവാഹപരസ്യ ബോര്‍ഡ് വീണാണ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവതി അപകടത്തില്‍പ്പെട്ട് മരിച്ചത്. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ജയഗോപാലിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപെടുത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റാണ് ശുഭശ്രീയുടെ പിതാവ് രവി. തങ്ങളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഫ്ലക്സുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരാനുമാണ് കുടുംബത്തിന്‍റെ തീരുമാനം
Also Read:ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം; ഒളിവിലായിരുന്ന അണ്ണാ ഡിഎംകെ നേതാവ് ജയഗോപാല്‍ അറസ്റ്റില്‍
ഐഎൽടിസ് പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ശുഭശ്രീയുടെ സ്കൂട്ടറിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല്ലാവരം ഡിവൈഡറിന് സമീപം അണ്ണാ ഡിഎംകെ, ഡിഎം കെ നേതാക്കളുടെ 50 ലധികം ഫ്ലക്സുകളുണ്ട്. തമിഴ്നാട്ടിൽ പൊതു സ്ഥലത്ത് ഫ്ലക്സുകൾ സ്ഥാപിക്കുന്നത് കോടതി വിലക്കിയിട്ടുണ്ടെങ്കിലും ഒരിടത്തും പാലിക്കപെടുന്നില്ല.
കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു. കോടതി വിമർശനത്തിന് പിന്നാലെ പൊതുയോഗങ്ങളിൽ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തകർ ഇനി ഫ്ലക്സുകൾ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam