
ദില്ലി: ഒരു മാസത്തേക്ക് ചാനൽ ചര്‍ച്ചകൾക്ക് വക്താക്കൾ പോകേണ്ടതില്ലെന്ന് കോൺഗ്രസ്. ടെലിവിഷൻ ചര്‍ച്ചകൾക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. കോൺഗ്രസ് പ്രതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാലയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പലവട്ടം അനുനയ ചര്‍ച്ചകൾ നടത്തിയിട്ടും തീരുമാനം പുനപരിശോധിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുൽ
ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കൾക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. രാഹുലിന്‍റെ രാജി തീരുമാനത്തോടെ തെരഞ്ഞെടുപ്പ് തോൽവിക്ക് പുറമെ സംഘടനാപരമായും വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ഇതിനിടെയാണ് ചാനൽ ചര്‍ച്ചകൾക്ക് ഒരുമാസത്തേക്ക് വക്താക്കളെ അയക്കേണ്ടതില്ലെന്ന തീരുമാനം എഐസിസി അറിയിക്കുന്നത്.
വക്താക്കൾക്ക് വിലക്കേര്‍പ്പെടുത്തിയ എഐസിസി വാര്‍ത്താകുറിപ്പ്:
രാഹുൽ രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ പിസിസികൾ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ രാജ്യ വ്യാപകമായി രാഹുൽ ഗാന്ധിക്ക് അനുകൂലമായി പ്രകടനങ്ങൾക്ക് ഒരുങ്ങുകയാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍. രാജിയിൽ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാൻ ഇടപെടണമെന്ന് എഐസിസി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ലോക്സഭാ കക്ഷി നേതാവിനെ കണ്ടെത്താനുള്ള യോഗം ശനിയാഴ്ച ചേരും. രാഹുൽ കക്ഷി നേതാവായി വരുമോ എന്നത് തന്നെയാണ് പ്രധാന ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam