
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്.അപ്പീൽ തള്ളിയതിൽ അതിശയം ഇല്ല.ഗുജറാത്തിൽ നിന്ന് വർത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓർക്കണം. ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.
വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു. പത്തിലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെ ഉണ്ട്. ശിക്ഷാവിധിയിൽ തെറ്റില്ല, ഇടപെടേണ്ട സാഹചര്യമില്ല. കുറ്റക്കാരനെന്ന വിധി ഉചിതം എന്ന് വിലയിരുത്തിക്കൊണ്ടാണ് രാഹുലിന്‍റെ അപ്പീല്‍ ഹൈക്കോടതി തള്ളിയത്.
മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ് വിധി പറയുന്ന്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്.
2019 ഏപ്രിൽ 13
2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ പ്രസംഗം.
2019 ഏപ്രിൽ 16
രാഹുലിന്‍റെ പരാമർശം മോദി സമുദായത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
2019 ജൂൺ 7
കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി.എച്ച്. കപാഡിയ രാഹുൽ ഗാന്ധിക്ക് സമൻസ് അയയ്ക്കാന്‍ നിര്‍ദേശിക്കുന്നു.
2019 ജൂലൈ 16
നേരിട്ട് ഹാജരാവുന്നതിൽ നിന്ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് ഇളവ് നല്‍കുന്നു.
2019 ഒക്ടോബർ 10
രാഹുൽ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താൻ നിരപരാധിയാണ് എന്ന് ബോധിപ്പിക്കുന്നു
2020 ജൂൺ 15
ജസ്റ്റിസ് ദവെ കേസ് ഏറ്റെടുക്കുന്നു. സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ തുടങ്ങുന്നു.
2021 ജനുവരി 5
പുതിയ നാല് സാക്ഷികളെ കൂടി വിസ്തരിക്കണം എന്ന് പൂർണേഷ് മോദി കോടതിയോട്. ജസ്റ്റിസ് ദവെ അപേക്ഷ തള്ളുന്നു. കേസ് 2021 ജനുവരി 16 -നു വീണ്ടും പരിഗണിക്കുമെന്ന് കോടതി.
2021 ജനുവരി 12
പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള തന്‍റെ അപേക്ഷ തള്ളിയ ജസ്റ്റിസ് ദവെയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് പൂർണേഷ് മോദി ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകുന്നു.
2021 ജൂൺ 21
രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ.എൻ ദവെയ്ക്കു മുന്നിൽ മൊഴി രേഖപ്പെടുത്തുന്നു. താൻ പരിഹാസമാണ് ഉദ്ദേശിച്ചത്, അതൊരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് എന്ന് മറുപടി.
2021 ജൂലൈ 9
നാലു സാക്ഷികളെ കൂടി വിസ്തരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പൂർണേഷ് മോദി നൽകിയ അപേക്ഷയിൽ തീരുമാനമാകാതെ, വിദ്വേഷ പ്രസംഗ കേസിലെ നടപടികളുമായി മുന്നോട്ട് പോവരുത് എന്ന് ട്രയൽ കോർട്ടിന് ഹൈക്കോടതിയുടെ നിർദേശം.
2021 ഓഗസ്റ്റ് 17
പൂർണേഷ് മോദിയുടെ അപേക്ഷ തള്ളിക്കൊണ്ടുള്ള ജസ്റ്റിസ് ദവെയുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഇലേഷ് വോറ റദ്ദാക്കുന്നു. നാലു സാക്ഷികളെ കൂടി വിസ്തരിക്കേണ്ടത് കേസിന് അത്യാവശ്യമാണ് എന്ന് വിധിക്കുന്നു.
2021 ഒക്ടോബർ 29
രാഹുൽ ഗാന്ധി രണ്ടാമതും സൂറത്ത് കോടതിയിൽ ഹാജരാവുന്നു.
2022 ഫെബ്രുവരി 22
രാഹുൽ ഗാന്ധി നേരിട്ട് ഹാജരായി വിദ്വേഷ പരാമർശങ്ങളിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് സൂറത്ത് കോടതിയിൽ പൂർണേഷ് മോദിയുടെ ഹർജി. ജസ്റ്റിസ് ദവെ ആ അപേക്ഷ തള്ളുന്നു.
2022 മെയ് 19
സൂറത്ത് ട്രയൽ കോർട്ടിൽ ഈ കേസിന്‍റെ ചുമതലയുണ്ടായിരുന്ന മജിസ്‌ട്രേറ്റ് ദവെ മാറി തൽസ്ഥാനത്ത് ജസ്റ്റിസ് എച്ച്.എച്ച്. വർമ്മ എത്തുന്നു.
2023 ഫെബ്രുവരി 16
പൂർണേഷ് മോദി കേസിലെ നടപടികൾ സ്റ്റേ ചെയ്യണം എന്നുള്ള അപേക്ഷ പിൻവലിക്കുന്നു. കേസിലെ വാദം തുടരുന്നു. ഫെബ്രുവരി 21- നു തുടങ്ങിയ അന്തിമ വാദം മാർച്ച് 17 -വരെ തുടരുന്നു.
2023 മാർച്ച് 23
സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് HH വർമ്മ രാഹുൽ ഗാന്ധിയെ ആ കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ രണ്ടു വർഷത്തെ തടവിനും 15000 രൂപ പിഴയ്ക്കും ശിക്ഷിക്കുന്നു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു.
2023 മാർച്ച് 24
ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ശിക്ഷ വിധിക്കപ്പെട്ട അന്നുമുതല്‍ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദായതായി പ്രഖ്യാപിക്കുന്നു.
2023 ഏപ്രില്‍ 25
കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെന്‍ഡു ചെയ്യണമെന്ന ആവശ്യമായി രാഹുല്‍ ഗുജറാത്ത് കോടതിയെ സമീപിച്ചു.
2023 മേയ് 2
രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ അന്തിമവാദം.കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം വിധി പറായാനായി മാറ്റി.
2023 ജൂൺ 6
രാഹുൽ ഗാന്ധിയുടെ പഴ്സണൽ സ്റ്റാഫിനെ പിൻവലിച്ച് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ്. പഴ്സണൽ അസിസ്റ്റന്‍റ്, ഡ്രൈവർ എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.