
ദില്ലി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ജയസാധ്യതയുള്ള സീറ്റിലേക്ക് സ്വന്തം നിലയിൽ ആളെ നിർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് (AICC Suggest new name for rajya sabha seat). പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസൻ കൃഷ്ണൻെറ പേരാണ് ഹൈക്കമാൻഡ് കെപിസിസിയോട് നിർദ്ദേശിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ടീമിൽ ഉൾപ്പെട്ടയാളാണ് തൃശ്ശൂർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ എന്ന 57-കാരൻ ഒരു ബിസിനസുകാരൻ കൂടിയാണ്.
രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി.പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും സമ്മർദ്ദം തുടരുകയും വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകൾ സജീവ ചർച്ചയാവുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദില്ലിയിൽ നിന്നും ഒരു പേര് എത്തിയത്. കെപിസിസി പരിഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് കൂടി ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര്കൂടി നിർദേശിക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വർഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയതും നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും.
ഇന്ന് രാവിലെ എം.ലിജുവിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. രാജ്യസഭാ സീറ്റിലേക്ക് എം.ലിജുവിൻ്റെ പേരാണ് കെപിസിസി നേതൃത്വം മുന്നോട്ട് വയ്ക്കുന്നത് എന്നാണ് സൂചന ഇതിനിടയിലാണ് ഹൈക്കമാൻഡിൽ നിന്നും ഒരു പേര് ഇങ്ങോട്ട് നിർദേശിച്ചത്. സീറ്റിലേക്ക് ഒരു യുവസ്ഥാനാർത്ഥിയെ പരിഗണിക്കണം എന്ന് രാഹുൽ ഗാന്ധിയോട് കെ.സുധാകരൻ നേരിട്ട് ആവശ്യപ്പെട്ടു എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam