
ദില്ലി: ദേശീയ കോൺഗ്രസ്(Indian National Congress) നേതൃത്വത്തിന് വലിയ തിരിച്ചടിയായ പഞ്ചാബ് കോൺഗ്രസിലെ (Punjab Congress) പ്രശ്ന പരിഹാരത്തിനായി ഹൈക്കമാണ്ട് നിയോഗിച്ച എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിൻറെ പഞ്ചാബ്(Punjab) യാത്ര മാറ്റിവച്ചു. തൽക്കാലം സ്ഥിതി നിരീക്ഷിക്കാൻ ആണ് ആലോചന.
ഇതിനിടെ രാജിയിൽ ഉറച്ച് നിൽക്കുന്നതായി നവ് ജ്യോദ് സിങ് സിദ്ദു(Navjot Singh Sidhu) അറിയിച്ചു. പഞ്ചാബിന് വേണ്ടിയാണ് തീരുമാനം. സത്യത്തിനായി പോരാടും. പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാറാണെന്നും നവ് ജ്യോദ് സിങ് സിദ്ദു വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റുന്നതിൽ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദു പക്ഷേ , കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി വച്ചത്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയത്.
സിദ്ദുവിനെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതും നേതൃത്വത്തിന് വലിയ തിരിച്ചടിയായി. രാജിവയ്ക്കുമെന്ന് മൂന്ന് എംഎൽഎമാർ കൂടി അറിയിച്ചിട്ടുണ്ട്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മന്ത്രിസഭയിൽ നിന്ന് റസിയ സുൽത്താനയും പി സി സി ട്രഷറർ സ്ഥാനത്ത് നിന്ന് ഗുൽസർ ഇന്ദർ ചഹലും രാജിവച്ചിരുന്നു.
അതേസമയം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മനീഷ് തിവാരി രംഗത്തെത്തി. അതിർത്തി സംസ്ഥാനത്ത് അസ്ഥിരതയുണ്ടാക്കിയെന്ന് തിവാരി ആരോപിക്കുന്നു. മുന്നറിയിപ്പുകൾ നേതൃത്വം അപമാനിച്ചെന്നും മനീഷ് തിവാരി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam