
അമൃത്സര്‍: നവ്ജോത് സിംഗ് സിദ്ദുവിനെ (navjot singh sidhu) പിന്തുണച്ച് പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ രാജിവെച്ചു. റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്. പഞ്ചാബിൽ മന്ത്രിമാരെ തീരുമാനിച്ചതിൽ ഉൾപ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നത് പഞ്ചാബിന്‍റെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചപ്പോൾ തനിക്ക് അധികാരം നല്‍കുമെന്ന് സിദ്ദു കരുതി. അതുണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചത്.
മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചപ്പോൾ സുഖ്ജീന്ദർ സിംഗ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിർത്തു. റാണ സുർജിത്ത്, ഭരത് ഭൂഷൺ അസു എന്നിവരെ മന്ത്രിമാരാക്കിയത് അഴിമതി ചൂണ്ടിക്കാട്ടി തടയാൻ സിദ്ദു ശ്രമിച്ചു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമനവും സിദ്ദുവിന്‍റെ നിർദ്ദേശത്തിന് വിരുദ്ധമായിരുന്നു. സിദ്ദുവിന്‍റെ രാജിക്കത്ത് എഐസിസി ആസ്ഥാനത്ത് വലിയ അമ്പരപ്പിനിടയാക്കി. രാജിക്കത്ത് നല്‍കിയ ശേഷം നേതാക്കളുമായി ചർച്ചയ്ക്കും സിദ്ദു തയ്യാറായില്ല. നാളെ അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ എത്തുന്നുണ്ട്. സിദ്ദു ആംആദ്മി പാർട്ടിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമാണ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കും എന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വ്യക്തമാക്കി.
അതേസമയം സിദ്ദു അസ്ഥിരതയുണ്ടാക്കും എന്ന് നേരത്തെ പറഞ്ഞതാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രതികരിച്ചു. ദില്ലിയിലെത്തിയ അമരീന്ദർ ബിജെപി നേതാക്കളെ കാണും എന്ന റിപ്പോർട്ടുകളുണ്ട്. കർഷകസമരം തീർക്കാൻ അമിത് ഷായും ജെപി നഢ്ഢയും അമരീന്ദർ സിംഗിന്‍റെ സഹായം തേടി എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam