ബംഗാളിലെ സമരത്തിന് പിന്തുണ; എയിംസ് ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

By Web TeamFirst Published Jun 13, 2019, 8:27 PM IST
Highlights

വ്യാഴാഴ്ച ഹെല്‍മറ്റ് ധരിച്ചാണ് ജോലിക്കെത്തിയത്. ഡോക്ടര്‍മാരുടെ ആവശ്യത്തോട് ബംഗാള്‍ സര്‍ക്കാര്‍ ഇന്നും മുഖംതിരിച്ചതോടെയാണ് വെള്ളിയാഴ്ച പണിമുടക്കാന്‍ തീരുമാനിച്ചത്. 

ദില്ലി: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിട്ട് ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കും. വ്യാഴാഴ്ച ഹെല്‍മറ്റ് ധരിച്ചാണ് ജോലിക്കെത്തിയത്. ബംഗാളിലെ ഡോക്ടര്‍മാരുടെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ ഇന്നും മുഖംതിരിച്ചതോടെയാണ് വെള്ളിയാഴ്ച പണിമുടക്കാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുള്ള അക്രമത്തെ എയിംസ് റസിഡന്‍റ്സ് ഡോക്ടേഴ്സ് അസോസിയേഷന്‍ അപലപിച്ചിരുന്നു. നിയമവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും ഡോക്ടര്‍മാരുടെ ഹോസ്റ്റലില്‍പോലും ആയുധങ്ങളുമായെത്തുന്ന ആള്‍ക്കൂട്ടം ആക്രമിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. 

ചൊവ്വാഴ്ചയാണ് കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്കു നേരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമണം അഴിച്ചുവിട്ടത്.75കാരനായ രോഗി മരിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം മൂന്നാം ദിവസം പിന്നിട്ടു. 

click me!