'സമരം ഉടന്‍ പരിഹരിക്കണം'; മമതയ്ക്ക് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം

By Web TeamFirst Published Jun 15, 2019, 9:34 AM IST
Highlights

48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാണ് അസോസിയേഷന്‍റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങും എന്നും എയിംസ് ആര്‍ഡിഎ അറിയിച്ചു

ദില്ലി: ബംഗാളില്‍ ആറ് ദിവസമായി തുടരുന്ന റസിഡന്‍റ് ഡോക്ടേഴ്സിന്‍റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാണ് അസോസിയേഷന്‍റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങും എന്നും എയിംസ് ആര്‍ഡിഎ അറിയിച്ചു. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. 

സമരം ഒത്തുതീർപ്പാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി മമത സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന മമതയുടെ ആവശ്യം ഡോക്ടർമാർ തള്ളി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിങ്കളാഴ്ച അഖിലേന്ത്യാ തലത്തിൽ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മമത നിരുപാധികം മാപ്പുപറയണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. 

സമരം ചെയ്യുന്ന ‍ഡോക്ടർമാക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗാളിലെ നൂറുകണക്കിന് സർക്കാർ ഡോക്ടർമാർ രാജിവച്ചു. 300 സർക്കാർ ഡോക്ടർമാരാണ് ഇന്നലെ മാത്രം സർവീസിൽ നിന്ന് രാജി വച്ചത്. സമരത്തെ പിന്തുണച്ച് ദില്ലി, മുംബൈ, പൂനൈ ഉൾപ്പടെ യുള്ള നഗരങ്ങളിൽ റെസിഡെന്റ് ഡോക്ടർമാർ പണിമുടക്കിയിരുന്നു. ഡോക്ടർമാരുടെ സുരക്ഷ അവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുമുണ്ട്. ചൊവ്വാഴ്ച മുതല്‍  സമരം ചെയ്യുന്ന  ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരമുപേക്ഷിച്ച് ജോലിക്ക് കയറണമെന്നായിരുന്നു കഴിഞ്ഞ ദിവസം കൊല്‍ക്കത്ത എസ്എസ്കെഎം ആശുപത്രിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടത്. 

click me!