എയിംസ് സമരം: ആശുപത്രി ഡയറക്ടറെ ആരോഗ്യ സെക്രട്ടറി വിളിപ്പിച്ചു, സമരം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ

By Web TeamFirst Published Dec 15, 2020, 4:11 PM IST
Highlights

അതേസമയം സമരക്കാർക്ക് മുന്നറിയിപ്പുമായി എയിംസ് അധികൃതർ ഇന്ന് രംഗത്ത് എത്തി. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് എയിംസ് അധികൃതരുടെ നിലപാട്

ദില്ലി: ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരം തുടരുന്നു. ദേശീയ ശ്രദ്ധ ആകർഷിച്ച സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള വഴികൾ തേടുകയാണ് കേന്ദ്രസർക്കാർ. എയിംസ് ഡയറക്ടറെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിലെ അഡീ.ജോയിൻ്റ സെക്രട്ടറി എയിംസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തും. 

അതേസമയം സമരക്കാർക്ക് മുന്നറിയിപ്പുമായി എയിംസ് അധികൃതർ ഇന്ന് രംഗത്ത് എത്തി. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് എയിംസ് അധികൃതരുടെ നിലപാട്. എയിംസ് സമരത്തിന് പിന്തുണയുമായി കോൺ​ഗ്രസ് എംപി ശശി തരൂർ ഇന്ന് രം​ഗത്ത് എത്തി. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് നഴ്സിം​ഗ് ജീവനക്കാ‍ർ സമരം നടത്തുന്നതെന്ന് ശശി തരൂ‍ർ പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ 160 നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതായി ദില്ലി എംയിസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സമരം നേരിടാനാണ് ഈ നടപടിയെന്നും എംയിസ് അധികൃത‍ർ വ്യക്തമാക്കി. 

അതിനിടെ എയിംസിലെ നഴ്സുമാരുടെ അനിശ്ചിതക്കാല സമരത്തിനിടെ ഇന്ന്  സംഘർഷമുണ്ടായി. രാവിലെ സമരത്തിനായി എത്തിയ നഴ്സുമാരെ പൊലീസുകാരും സുരക്ഷ ജീവനക്കാരും ചേർന്ന്  പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി . സംഘർഷത്തിൽ മലയാളി നഴ്‌സിന്റെ കാലിന് പരിക്കേറ്റു. പൊലീസ് ലാത്തി കൊണ്ട് അടിച്ചതാണെന്ന് നഴ്സിംഗ് യൂണിയൻ ആരോപിച്ചു. 

രണ്ടാം ദിവസം അഡ്മിൻ ബ്ലോക്കിന് മുന്നിൽ ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരം തുടരുകയാണ്. സമരക്കാർക്കെതിരെ  ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നാണ്  കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം. 

ശമ്പളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജൻസി വഴിയുള്ള നഴ്സുമാരുടെ കരാർ നിയമനങ്ങൾ നിർത്തിലാക്കുക ഉൾപ്പെടെ 23 ആവശ്യങ്ങളാണ് യൂണിയൻ മുന്നോട് വച്ചത്. കഴിഞ്ഞ മാസം സമരത്തിന് നോട്ടീസ് നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തിനെ തുടർന്നാണ് അനിശ്ചിതത്വ കാല സമരത്തിലേക്ക് കടന്നത്. സമരം എം യിസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.

5000ത്തോളം നഴ്സുമാർ പങ്കെടുക്കുന്ന സമരത്തെ തുടർന്ന് എംയിസിൽ സുരക്ഷ കൂട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സമരക്കാരുമായി ചർച്ച നടത്തിയേക്കും എന്ന് സൂചനയുണ്ട്. 23  ആവശ്യങ്ങളാണ് സമരത്തിനിറങ്ങിയ നഴ്സുമാ‍ർ മുന്നോട്ട് വെയ്ക്കുന്നത് അതിൽ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇവയാണ്... 

 1. ആറാം ശന്പള കമ്മീഷനിലെ അപാകത പരിഹരിക്കുക.

2. മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ നൽകുക 

3. കരാർ അടിസ്ഥാനത്തിൽ എം യിസിലേക്ക് സ്വകാര്യ ഏജൻസിയിൽ നിന്ന് നഴ്സുമാരെ നിയമിക്കുന്നത് നിർത്തലാക്കുക

4. കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കുന്ന ചികിത്സ സൗകര്യം ലഭ്യമാക്കുക 

 5. നഴ്സിംഗ് നിയമനത്തിൽ ആൺ- പെൺ അനുപാതികം പാലിക്കുക

 6. ജീവനക്കാരുടെ താമസ സൗകര്യം വർധിപ്പിക്കുക.

click me!