ഇനി ഒരു കുനാൽ കാമ്രയും തങ്ങളുടെ വിമാനത്തിൽ കയറേണ്ടെന്ന് എയർ ഇന്ത്യ, കൊമേഡിയന് വിലക്കേർപ്പെടുത്തിയപ്പോൾ പെട്ടത് അതേ പേരുള്ള മറ്റൊരാൾ

By Web TeamFirst Published Feb 5, 2020, 6:43 PM IST
Highlights

നിങ്ങൾ ഉദ്ദേശിക്കുന്ന കുനാൽ കാമ്രയല്ല താൻ എന്ന് അദ്ദേഹം പരമാവധി സംയമനത്തോടെ അവരെ അറിയിച്ചു. 


കുനാൽ കാമ്ര എന്ന പേര് ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സുപരിചിതമായ ഒന്നാണ്. റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ ഇൻഡിഗോ വിമാനത്തിലെ യാത്രക്കിടെ ആകാശത്തുവച്ച് തുടർച്ചയായി ശല്യം ചെയ്തു എന്നാരോപിച്ച്  കാമ്രയെ ഇതുവരെ വിലക്കിയിട്ടുള്ളത് നാൾ എയർലൈനുകളാണ്. താൻ ശല്യം ചെയ്തതല്ല എന്നും, ഏറെ നാളായി ചോദിയ്ക്കാൻ മനസ്സിൽ കൊണ്ടുനടന്ന ചില ചോദ്യങ്ങൾ നേരിൽ കണ്ടുകിട്ടിയപ്പോൾ ചോദിച്ചതാണ് എന്നുമുള്ള കാമ്രയുടെ വിശദീകരണങ്ങൾ എന്തായാലും ഒരു എയർലൈനിനും സ്വീകാര്യമായ മട്ടില്ല. അതുകൊണ്ട് വിലക്ക് തുടരുക തന്നെയാണ്. 

അതുവരെ ന്യായം. എന്നാൽ, കുനാൽ കാമ്ര എന്നുപേരുള്ള ലോകത്തെ ഒരേയൊരാൾ അല്ലല്ലോ ഈ സ്റ്റാൻഡപ് കൊമേഡിയൻ. ഇദ്ദേഹത്തിന്റെ പേരിൽ ഒരു യാത്രാവിലക്ക് നിലവിലുണ്ട് എന്നതുകൊണ്ട് നാട്ടിൽ ആ പേരുള്ള വേറെ ഒരാൾക്കും യാത്ര ചെയ്യേണ്ടേ? വേണ്ടെന്നാണ് എയർ ഇന്ത്യ പറയുന്നത്. അഥവാ, അതാണ് കുനാൽ കാമ്ര എന്നുപേരായ, അമേരിക്കയിൽ സ്ഥിരതാമസമായ  ഒരു ബിസിനസുകാരന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ ജീവനക്കാരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം സൂചിപ്പിക്കുന്നത്. 

ജയ്പൂരിലുള്ള തന്റെ കുടുംബത്തെ സന്ദർശിക്കാൻ വേണ്ടി നാട്ടിലെത്തിയതായിരുന്നു ബോസ്റ്റണിൽ സ്ഥിരതാമസക്കാരനായ ഇയാൾ. ഫെബ്രുവരി 3 -ന് ഉച്ചയ്‌ക്കായിരുന്നു ജയ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള അദ്ദേഹത്തിന്റെ എയർ ഇന്ത്യാ വിമാനം. ഒരല്പം നേരത്തെ തന്നെ എയർപോർട്ടിലെത്തുന്ന കാമ്രയുടെ ശീലം മണിക്കൂറുകൾ നീണ്ട പെടാപ്പാടിനൊടുവിലും അയാളുടെ യാത്ര മുടങ്ങാതെ കാത്തു. 

ചെക്കിൻ കൗണ്ടറിൽ എത്തിയപ്പോഴാണ് എയർ ഇന്ത്യാ ജീവനക്കാരി,  കാമ്രയുടെ ടിക്കറ്റിന്റെ സ്റ്റാറ്റസ് 'ക്യാൻസൽഡ്' ആണെന്നുള്ള വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. ''എന്താണ് കാരണം?'' എന്നുതിരക്കിയപ്പോൾ അവർ പറഞ്ഞത് "നിങ്ങൾ ബ്ലാക്ക് ലിസ്റ്റഡ്''ആണെന്നായിരുന്നു. എന്തുകൊണ്ട് എന്ന് അത്യാവശ്യം സോഷ്യൽ മീഡിയ ഒക്കെ പിന്തുടരുന്ന അദ്ദേഹം അവരോട് ചോദിച്ചില്ല, കാരണം 'മറ്റേ  കുനാൽ കാമ്ര' എന്തിനാണ് ബ്ലാക്ക് ലിസ്റ്റഡ് ആയത് എന്ന് 'ഈ കുനാൽ കാമ്ര'യ്ക്ക് നന്നായി അറിയാമായിരുന്നു. 

നിങ്ങൾ ഉദ്ദേശിക്കുന്ന കുനാൽ കാമ്രയല്ല താൻ എന്ന് അദ്ദേഹം പരമാവധി സംയമനത്തോടെ അവരെ അറിയിച്ചു. അത് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു. വളരെ സൗഹാർദ്ദപരമായാണ് ആ കൗണ്ടർ സ്റ്റാഫ് പെരുമാറിയത് എങ്കിലും, ആകെ അസുഖകരമായ ഒരു അനുഭവമായിരുന്നു അതെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു. 

ബ്ലാക്ക് ലിസ്റ്റഡ് ആണ് എന്നതിന് എയർലൈൻസ് പറഞ്ഞ കാരണം ഒട്ടും സ്വീകാര്യമല്ല എന്ന് കുനാൽ കാമ്ര പറഞ്ഞു. കാരണം, ഏതെങ്കിലും ഒരു കുനാൽ കാമ്രയുടെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടായി അയാളെ വിലക്കിയാൽ ആ പേരുള്ള ആരും പിന്നെ വിമാനത്തിൽ കേറാൻ പാടില്ല എന്നുപറഞ്ഞാൽ എന്താണ് അവസ്ഥ ? 

അടുത്തതായി ' ആ കുനാൽ കാമ്ര'യല്ല 'ഈ കുനാൽ കാമ്ര' എന്ന് തെളിയിക്കേണ്ട ബാധ്യത യാത്ര പൂർത്തിയാക്കേണ്ട ആളുടേതു മാത്രമായിരുന്നു. എന്തായാലും ഇഷ്ടം പോലെ സമയമുണ്ടായിരുന്നതുകൊണ്ട് വേറെ പ്രശ്നമൊന്നും ഉണ്ടായില്ല. ആദ്യം തന്നെ അദ്ദേഹം തന്റെ ആധാർ കാർഡിന്റെ കോപ്പി അവർക്ക് നൽകി. അദ്ദേഹത്തിന്റെ എല്ലാ ഇന്ത്യൻ ഐഡികളും ഹാജരാക്കിയിട്ടും അതൊന്നും എയർപോർട്ട് സെക്യൂരിറ്റിക്ക് പോരായിരുന്നു. ഒടുവിൽ അദ്ദേഹം തന്റെ അമേരിക്കൻ ഐഡി ഹാജരാക്കി. അതോടെ അവർക്ക് എല്ലാം തന്നെ ബോധ്യപ്പെട്ടു. 

ഈ വിഷയം സംബന്ധിച്ചുള്ള എയർ ഇന്ത്യയുടെ വിശദീകരണം ഏറെ വിചിത്രമാണ്. എയർലൈൻസിന്റെ വക്താവായ ധനഞ്ജയ കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു, " കൊമേഡിയൻ കുനാൽ കാമ്രക്ക് യാത്രാവിലക്ക് നിലവിലുള്ളതാണ്. അത് ഞങ്ങളുടെ സിസ്റ്റത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതുകൊണ്ട് ആ പേര് വന്നപ്പോൾ യാത്രക്കാരന്റെ ടിക്കറ്റ് ഓട്ടോമാറ്റിക്കായി കാൻസൽ ആയതാണ്. പിന്നീട് ആ യാത്രക്കാരൻ തന്റെ രേഖകൾ ഹാജരാക്കിയപ്പോൾ അദ്ദേഹത്തെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു. വേറെ പ്രശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ല..." 

തുടർന്നുള്ള ദില്ലിവരെയുള്ള യാത്ര അദ്ദേഹത്തിന് ഇൻഡിഗോയിൽ ആയിരുന്നു. നേരത്തെ എയർ ഇന്ത്യയിൽ നിന്ന് ദുരനുഭവമുണ്ടായതുകൊണ്ട് ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ ചെന്ന് അദ്ദേഹം കാര്യങ്ങൾ അങ്ങോട്ട് തന്നെ അവതരിപ്പിച്ചു. അതുകൊണ്ട് ടിക്കറ്റ് കാൻസൽ ആയില്ല ഇത്തവണ. 

ഈ സംഭവത്തോട് ഒറിജിനൽ കുനാൽ കാമ്രയും ഏറെ സരസമായിട്ടാണ് പ്രതികരിച്ചത്. ഒറ്റവരിയിലുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു.  

 

Collateral damage 😢😢😢https://t.co/uHbWV7x8Sx

— Kunal Kamra (@kunalkamra88)

 

click me!