
ദില്ലി: ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടത്തിൽപെട്ട സംഭവത്തിൽ എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ2379 എയർബസ് എ320 വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ 13 യാത്രക്കാർക്കും 4 ജീവനക്കാരും അടക്കം 17 പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിമാനത്തിന്റെ പൈലറ്റുമാരിൽ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനയിൽ (മാനസികാവസ്ഥയെ സ്വാധീനിക്കുന്ന രാസവസ്തുക്കളുടെ പരിശോധന) കൂടുതൽ സ്ഥിരീകരണം ആവശ്യമായ രീതിയിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാമ്പിളുകൾ കൂടുതൽ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചും പൈലറ്റിന്റെ പരിശോധനാ ഫലത്തെക്കുറിച്ചും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡി.ജി.സി.എയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി. പരിശോധന നടത്തിയത് നിയമപ്രകാരമുള്ള നടപടിയാണെന്നും എന്നാൽ തങ്ങൾക്ക് പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും അധികൃതർ ശേഖരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam