Latest Videos

എയർ ഇന്ത്യ എക്സ്പ്രസ് സമരം: ദില്ലിയിൽ അധികൃതരെയും ജീവനക്കാരെയും ചർച്ചക്ക് വിളിച്ച് കേന്ദ്രസർക്കാർ

By Web TeamFirst Published May 9, 2024, 12:02 PM IST
Highlights

ഇന്നലെ 90 ലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകളാണ് മിന്നൽ പണിമുടക്കിനെ തുടർന്ന് റദ്ദാക്കേണ്ടിവന്നത്.

ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അവധിയെടുത്ത ജീവനക്കാർക്കെതിരെ കമ്പനി കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. 30 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. 76 വിമാന സർവീസുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ട്. ഇന്നലെ 90 ലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകളാണ് മിന്നൽ പണിമുടക്കിനെ തുടർന്ന് റദ്ദാക്കേണ്ടിവന്നത്. 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ക്യാബിൻ ക്രൂ അംഗങ്ങളുടെ കൂട്ട അവധി കാരണം കരിപ്പൂർ വിമാനത്താവളത്തിൽ കാലത്ത് മുതലുള്ള അഞ്ച് അന്താരാഷ്ട്ര വിമാന സർവീസുകൾ ആണ് മുടങ്ങിയത്. അൽ ഐൻ, ജിദ്ദ, സലാല, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആണ് മുടങ്ങിയത്. സർവീസുകൾ റദ്ദ് ചെയ്തതറിയാതെ പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തി

കണ്ണൂരിൽ ഇന്ന് നാല് വിമാനങ്ങൾ റദാക്കി. ഷാർജ, മസ്കറ്റ്, ദമാം, അബുദാബി വിമാനങ്ങളാണ് മുടങ്ങിയത്. മസ്കറ്റ്, ദമാം വിമാനങ്ങൾ റദാക്കിയെന്ന അറിയിപ്പ് ഇന്നലെ നൽകിയിരുന്നു. എന്നാൽ പുലർച്ചെ 4.20നുള്ള ഷാർജ വിമാനം സർവീസ് നടത്തുമെന്നാണ് കമ്പനി അറിയിച്ചത്. നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. അവസാന നിമിഷമാണ് വിമാനം റദാക്കിയെന്ന് അറിയിച്ചത്. ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചു. കമ്പനി ജീവനക്കാരുമായി വാക്കറ്റമുണ്ടായി. 

ഇന്നലെ റദാക്കിയ ഷാർജ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് ഇന്ന് പുലർച്ചേയുള്ള വിമാനത്തിൽ ടിക്കറ്റ് പുനക്രമീകരിച്ചു നൽകിയിരുന്നു. ഇവരുടെ യാത്ര വീണ്ടും മുടങ്ങി. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ മസ്ക്കറ്റിലേക്ക് പോകേണ്ട വിമാനവും കൊൽക്കത്തയിലേക്കുള്ള ആഭ്യന്തരസർവീസും റദ്ദാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മസ്ക്കറ്റിലേക്ക് 8.30 നുള്ള വിമാനവും 8. 40 നുള്ള തിരുവനന്തപുരം - ബെംഗളുരു, 9 മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം - അബുദാബി വിമാനങ്ങൾ ആണ് റദാക്കിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് യാത്രക്കാർ പലരും വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ പത്തു വിമാനങ്ങളാണ് റദ്ദാക്കിയത്.
 


 

click me!