
ചെന്നൈ: സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് പ്രതികൂല കാലാവസ്ഥ കാരണം ലാൻഡിങ് സാധ്യമല്ലെന്ന് മനസ്സിലാക്കിയത്. ഈസമയം 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 10.15 ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം, ഹൈ ഡിസന്റ് റേറ്റും കടുത്ത കാറ്റും കാരണം പൈലറ്റുമാർ സാധാരണ നിലയിൽ ലാൻഡ് ചെയ്യാൻ തയ്യാറെക്കും മുമ്പേ വിമാനം 200 അടിയോളം താഴ്ന്നുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അപകടം മനസ്സിലായ പൈലറ്റുമാർ ലാൻഡിങ് ഉപേക്ഷിച്ചു.
പ്രതികൂല കാലാവസ്ഥ കാരണം വിമാനം അൺസ്റ്റബിലൈസ്ഡ് ആയെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു.
ഹൈ ഡിസന്റ് റേറ്റ് ഉയർന്നതായിരുന്നു. അതോടൊപ്പം റൺവേയ്ക്ക് സമീപം കാറ്റിന്റെ അവസ്ഥ അപ്രതീക്ഷിതമായി മാറി. അതുകൊണ്ടുതന്നെ വിമാനം ലാൻഡ് ചെയ്യാതെ ആകാശത്ത് വട്ടമിട്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏകദേശം 30 മിനിറ്റിനുശേഷം രണ്ടാമത്തെ ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷിതമായ ലാൻഡിംഗിന് ഇറക്കത്തിന്റെ വേഗത, നിരക്ക്, പാത എന്നിവയുടെ കൃത്യമായ വിന്യാസം ആവശ്യമാണെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.
മാർച്ചിൽ, മുംബൈയിൽ നിന്നുള്ള ഒരു വിമാനം ലാൻഡിംഗിനിടെ വാലിൽ ഇടിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ, സമാനമായ സാഹചര്യങ്ങളിൽ ജയ്പൂരിൽ നിന്നുള്ള ഒരു ഇൻഡിഗോ വിമാനം ടച്ച്-ആൻഡ്-ഗോ ചെയ്യാൻ നിർബന്ധിതമായി. പുതിയ സംഭവം അധികൃതർ പരിശോധിക്കുമെന്നും കാറ്റിന്റെ പാറ്റേൺ ഡാറ്റയും ഫ്ലൈറ്റ് ലോഗുകളും പരിശോധിച്ച് കൂടുതൽ നടപടി ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.