ശുദ്ധവായു കുറവ്, 'ശ്വാസം മുട്ടിച്ച്' ദില്ലി; വായുമലിനീകരണം അതിരൂക്ഷമെന്ന് കണ്ടെത്തല്‍

By Web TeamFirst Published Oct 16, 2019, 12:07 PM IST
Highlights

കൃഷിക്ക്  ശേഷം അവശേഷിക്കുന്ന വൈക്കോല്‍ കൂനകള്‍ കത്തിക്കുന്നത് വ്യാപകമാകുന്നതും അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. 

ദില്ലി: ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദില്ലിയിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്നു. ദില്ലിക്ക് പുറമെ അടുത്തുള്ള പ്രദേശങ്ങളായ ഗുരുഗ്രാം,നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും ശക്തമായ സ്മോഗ് അനുഭവപ്പെടുന്നുണ്ട്. 

അന്തരീക്ഷ വായുവിന്‍റെ ശുദ്ധത അളക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരമുള്ള കണക്കുകളിലാണ് അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വ്യക്തമാക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ദില്ലിയിലെ 37 എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളില്‍ 17 സ്ഥലങ്ങളിലും അന്തരീക്ഷ വായു വളരെയധികം മലിനമായതായാണ് രേഖപ്പെടുത്തുന്നത്. 

അന്തരീക്ഷ മലിനീകരണം കുറഞ്ഞ സ്ഥലങ്ങളില്‍ സാധാരണയായി എയര്‍ ക്വാളിറ്റി 0-50 വരെയാണ് രേഖപ്പെടുത്തുന്നത്. 51-100 വരെ സൂചിപ്പിക്കുന്നത് എയര്‍ ക്വാളിറ്റി തൃപ്തികരമാണ് എന്നതാണ്. 101- 201 വരെ മിതമായ അളവിലുള്ള അന്തരീക്ഷ മലിനീകരണത്തെ കാണിക്കുന്നു. എന്നാല്‍ 201-300 വരെ എത്തുന്നത് അന്തരീക്ഷ മലിനീകരണം കൂടുതലും വായുവിന്‍റെ ക്വാളിറ്റി കുറവുമാണ് എന്നതിനെ കാണിക്കുന്നു.  301- 400 വരെയാണെങ്കില്‍ എയര്‍ ക്വാളിറ്റി വളരെ കുറവും അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വളരെയധികം കൂടുതലുമാണ്. ദില്ലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെല്ലാം 301 മുതല്‍ 400 വരെയാണ് എയര്‍ ക്വാളിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയില്‍ 301 ആണ് എയര്‍ ക്വാളിറ്റി തോത്. 

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് റിസര്‍ച്ച് പുറത്തിറക്കിയ നോട്ടീസില്‍ ദില്ലിയുടെ സമീപ പ്രദേശങ്ങളില്‍ കൃഷിക്ക്  ശേഷം അവശേഷിക്കുന്ന വൈക്കോല്‍ കൂനകള്‍ കത്തിക്കുന്നത് വ്യാപകമാകുന്നെന്നും അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിന് ഇതും ഒരു കാരണമാകുന്നുണ്ടെന്നും പറയുന്നു. ദില്ലിയുടെ അടുത്ത സ്ഥലങ്ങളില്‍ വ്യാപകമായ രീതിയില്‍ വൈക്കോല്‍ കൂനകള്‍ കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. ദില്ലി സര്‍ക്കാര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തു. ദില്ലിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ പോലുള്ള പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് കുറവാണ്. 

 

 

click me!