വായു മലിനീകരണം: ദില്ലിയിലെ വാഹനങ്ങള്‍ക്ക് വീണ്ടും ഒറ്റ ഇരട്ട നമ്പര്‍ നിയന്ത്രണം

By Web TeamFirst Published Oct 17, 2019, 6:11 PM IST
Highlights

ഒരു ദിവസം ഒറ്റ നമ്പറില്‍ അവസാനിക്കുന്ന വാഹനം റോഡില്‍ ഇറങ്ങാന്‍ അനുവദിക്കുമ്പോള്‍ അടുത്ത ദിവസം ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനത്തിന് മാത്രമേ റോഡിലിറങ്ങാനാവൂ. 
 

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ രാജ്യതലസ്ഥാനത്ത് വീണ്ടും ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നവംബര്‍ 4 മുതല്‍ 15 വരെയാണ് ദില്ലിയില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 

ദില്ലിയിലെ വാഹനങ്ങള്‍ മാത്രമല്ല, ദില്ലിയിലെത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഒരു ദിവസം ഒറ്റ നമ്പറില്‍ അവസാനിക്കുന്ന വാഹനം റോഡില്‍ ഇറങ്ങാന്‍ അനുവദിക്കുമ്പോള്‍ അടുത്ത ദിവസം ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനത്തിന് മാത്രമേ റോഡിലിറങ്ങാനാവൂ. 

രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുമണി വരെയാണ് നിയന്ത്രണം. ഇരുചക്ര വാഹനങ്ങളെയും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളെയും വിഭിന്ന ശേഷിക്കാരുടെ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.രാഷ്ട്രപതി, ഉപരാഷ്ട്ര പതി പ്രധാനമന്ത്രി, തുടങ്ങി ഉന്നത പദവികള്‍ വഹിക്കുന്ന അപൂര്‍വ്വം ചിലരുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവ്. ഞായറാഴ്ച എല്ലാ വാഹങ്ങള്‍ക്കും നിരത്തിലിറങ്ങാം. 

ഇത് മൂന്നാം തവണയാണ് ദില്ലിയില്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് 2000 രൂപയാണ് പിഴയെങ്കില്‍ ഇത്തവണ അത് നാലായിരമാക്കി. അതേ സമയം ദില്ലിയിലെ അന്തരീക്ഷ മലിനീകരണം വളരെ മോശം നിലവാരത്തില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് സ്ഥിതി വളരെ മോശമായത്. 

click me!