ക്യാബിന്‍ ക്രൂവിന്‍റെ കൈയില്‍ കടന്നുപിടിച്ചു, മോശമായി സംസാരിച്ചു, 40കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

Published : Sep 23, 2023, 09:13 AM IST
ക്യാബിന്‍ ക്രൂവിന്‍റെ കൈയില്‍ കടന്നുപിടിച്ചു, മോശമായി സംസാരിച്ചു, 40കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

Synopsis

വിമാനത്തില്‍ കയറുന്നതിനിടെ യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഉടന്‍ തന്നെ ഇയാളെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു  

ബെംഗളൂരു: വിമാനയാത്രക്കിടെ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയതിന്‍റെ പേരില്‍ 40കാരനായ യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്കുള്ള എയര്‍ഏഷ്യ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ കയറുന്നതിനിടെ യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഉടന്‍ തന്നെ ഇയാളെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും എയര്‍ ഏഷ്യ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യുവതിയെ അപമാനിച്ചതിന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.10ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനത്തിലാണ് സംഭവം. 21കാരിയായ ക്യാബിന്‍ ക്രൂ യാത്രക്കാരെ സ്വീകരിക്കുന്നതിനിടെ ഇവരെ തൊടാന്‍ ശ്രമിക്കുകയും കൈയില്‍കയറി പിടിക്കുകയുമായിരുന്നുവെന്നും യുവതിയോട് മോശമായി സംസാരിക്കുകയും ചെയ്തതായും പോലീസ് പറ‍ഞ്ഞു.

സംഭവത്തില്‍ ബെംഗളൂരു എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അധികൃതര്‍  പരാതിയും നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എയര്‍ലൈന്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മോശം പെരുമാറ്റമുണ്ടായ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ക്യാബിന്‍ ക്രൂവിന്‍റെയും സുരക്ഷക്കാണ് പ്രഥമ പരിഗണന. തടസമില്ലാതെ വിമാന സര്‍വീസ് നടത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. 

കഴിഞ്ഞ ദിവസം ത്രിപുരയിലെ അഗര്‍ത്തല വിമാനത്താവളത്തില്‍ വിമാനം നിലത്തിറങ്ങുന്നതിനു മുൻപായി എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലാൻഡിങ്ങിനായി ഒരുങ്ങി കൊണ്ടിരുന്ന ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ ആണ് ഒരു യാത്രക്കാരൻ തുറക്കാൻ ശ്രമം നടത്തിയത്. ഇയാൾ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ വിമാനം ലാൻഡിങ് പൂർത്തിയാക്കിയിരുന്നില്ല. തുടർന്ന് വിമാനത്തിലെ ജീവനക്കാർ ഇയാളുടെ ശ്രമം തടയുകയും ലാൻഡിങ് പൂർത്തിയാക്കി  ഇയാളെ എയർപോർട്ട് പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. എയർപോർട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?