'ഭീകരതാവളങ്ങള്‍ ആക്രമിച്ചതിന് തെളിവുണ്ട്'; പുറത്ത് വിടുന്നത് രാഷ്ട്രീയ നേതൃത്വം തീരുമാനിക്കുമെന്ന് വ്യോമസേന വക്താവ്

By Web TeamFirst Published Feb 28, 2019, 8:31 PM IST
Highlights

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും അമോറാം മിസൈലുകളും പാകിസ്ഥാന്‍ ഉപയോഗിച്ചതായും പ്രതിരോധ സേനയുടെ വക്താകള്‍ പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിന് തെളിവുണ്ടെന്ന് വ്യോമസേന വക്താവ് ആര്‍ജികെ കപൂര്‍. ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിനും ലക്ഷ്യം കൈവരിച്ചതിനുമുള്ള വ്യക്തമായ തെളിവുകള്‍ കൈവശമുണ്ട്.

അതെപ്പോള്‍ പുറത്തുവിടണം എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ സേനാ വക്താകള്‍ നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. എന്ത് ലക്ഷ്യമിട്ടാണോ വ്യോമസേന തീവ്രവാദി ക്യാംപുകളില്‍ ആക്രമണം നടത്തിയത് ആ ലക്ഷ്യം സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്ന കാലത്തോളം അത്തരം ക്യാമ്പുകള്‍ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും അമോറാം മിസൈലുകളും പാകിസ്ഥാന്‍ ഉപയോഗിച്ചതായും പ്രതിരോധ സേനയുടെ വക്താകള്‍ പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി.

അമോറാം മിസൈലിന്‍റേയും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വ്യോമസേനയെ പ്രതിനിധീകരിച്ച്  എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, കരസേനയെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാല്‍, നാവികസേനയെ പ്രതിനിധീകരിച്ച് നാവികസേന റിയര്‍ അഡ്മിറല്‍ ഡി.എസ്.ഗുജറാള്‍ എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്. 

ഇന്ത്യന്‍ പൈലറ്റുമാര്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ് എല്ലാവരേയും കബളിപ്പിക്കാനും പാകിസ്ഥാന്‍ ശ്രമിച്ചു.

click me!