
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'തിരംഗ യാത്ര'യിൽ പങ്കെടുക്കുന്നതിനിടെ കസ്റ്റഡയിലെടുത്ത നേഹ ബോറ എവിടെയെന്ന ചോദ്യവുമായി ഐസ നേതാക്കൾ രംഗത്ത്. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത ഉയർത്തുന്നതാണെന്നും ഐസ ആരോപിച്ചു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ ദില്ലി പൊലീസ് പ്രതിഷേധക്കാരെ അടിച്ചമർത്താൻ നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും ഐസ ഉയർത്തിയിട്ടുണ്ട്. നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സൂചനയെന്നും, വൈകിട്ട് 4 മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി എട്ട് മണിയായിട്ടും യാതൊരുവിധ വിവരങ്ങളും ഔദ്യോഗികമായി ലഭിക്കുന്നില്ലെന്നും സംഘടന വിവരിച്ചു. നേഹയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരെ കാണാൻ അഭിഭാഷകരെ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും ഐസ വ്യക്തമാക്കി. നേഹയെ ഉടൻ മോചിപ്പിക്കണമെന്നും കസ്റ്റഡി നടപടികളിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവും സംഘടന ഉയർത്തുന്നുണ്ട്.
അതേസമയം 'തിരംഗ യാത്ര'യിൽ പങ്കെടുക്കാനിറങ്ങവെ ദില്ലി പൊലീസ് കസ്റ്റഡയിലെടുത്ത അഭിജീത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിടുന്നില്ലെന്ന ആരോപണവുമായി സി ജെ പിയും രംഗത്തുണ്ട്. കൊണാട്ട് പ്ലേസിലേക്ക് ത്രിവർണ പതാകയുമേന്തി മാർച്ച് നടത്താൻ ഇറങ്ങവെയാണ് സി ജെ പി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ ഝണ്ഡേവാലാനിലെ വീടിന് പുറത്ത് നിന്നും 4 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് കാട്ടി ദില്ലി പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് മറികടന്ന് ഇറങ്ങിയപ്പോഴായിരുന്നു കസ്റ്റഡി നടപടി. ഇതുവരെയും ദീപ്കെയെ പൊലീസ് വിട്ടയച്ചിട്ടില്ല. ഏത് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ രാജ്യതലസ്ഥാനത്ത് ഇന്നത്തെ സംഘർഷ സാഹചര്യം പൂർണമായും ഒഴിഞ്ഞിട്ടില്ല. സി ജെ പി പ്രവർത്തകരും ഐസ പ്രവർത്തകരും മിന്നൽ പ്രതിഷേധങ്ങളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രംഗത്തെത്തുന്നുണ്ട്.
അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നും സമര-സംഘർഷ ഭൂമിയായി. കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച 'തിരംഗ യാത്ര'യും ഇതിനൊപ്പം തന്നെ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും ഒഴികിയെത്തിയതോടെ ദില്ലി സംഘർഷഭരിതമായി. ദീപ്കെയും നേഹയും കസ്റ്റഡിയിലായെങ്കിലും പൊലീസ് വിലക്ക് ലംഘിച്ച് കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും മിന്നൽ പ്രതിഷേധങ്ങളുമായി പ്രവർത്തകർ തെരുവിലിറങ്ങി. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്ന സെൻട്രൽ പാർക്കിലേക്ക് കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടയുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി ജെ പിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടിയും ഇടത് സംഘടനകളും അണിനിരന്നതോടെ റോഡിൽ നൂറുകണക്കിന് ആളുകൾ ദേശീയ പതാകയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതാണ് ഒടുവിൽ വൻ സംഘർഷത്തിന് വഴിതുറന്നത്. തടസ്സങ്ങളും കസ്റ്റഡി നടപടികളും മറികടന്ന് വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരമധ്യത്തിൽ അരങ്ങേറിയത്. ഇന്നത്തെ സമരം അവസാനിപ്പിച്ചതായി അറിയിച്ച ഇടത് സംഘടനകൾ, നാളെയും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഭിജീത് ദീപ്കെയെയും നേഹാ ബോറയെയും ഏത് പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam