രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താന അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

By Web TeamFirst Published Jun 19, 2021, 7:15 AM IST
Highlights

കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

കൊച്ചി: ലക്ഷദ്വീപില്‍ രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്നരയോടെ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോകുന്ന ഐഷ കവരത്തിയിലെത്തി ഇന്നുതന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നീതി പീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടു പോകില്ലെന്നും ഐഷ വ്യക്തമാക്കി. ഇതിനിടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് മടങ്ങും. ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് കേസെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!