
ബാരാമതി: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന് (66) രാജ്യം കണ്ണീരോടെ വിടനൽകി. ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ട്രീയ പ്രമുഖരും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും പാർട്ടി പ്രവർത്തകരും ബാരാമതിയിലെത്തി തങ്ങളുടെ പ്രിയപ്പെട്ട 'അജിത് ദാദ'യ്ക്ക് അവസാനമായി ആദരമർപ്പിച്ചു.
അജിത് പവാറിന്‍റെ ഭൗതികദേഹം ദേശീയ പതാക പുതപ്പിച്ച് ജന്മനാടായ കാട്ടേവാടിയിൽ നിന്ന് ബാരാമതിയിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചിതയ്ക്ക് തീക്കൊളുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, നടൻ റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പ്രമുഖർ കാട്ടേവാടിയിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ബുധനാഴ്ച രാവിലെ പൂനെയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബാരാമതി എയർസ്ട്രിപ്പിന് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന ചാർട്ടേഡ് ലിയർജെറ്റ് വിമാനം തകർന്നുവീണാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റും പവാറിന്റെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു. ലാൻഡിംഗിന് തൊട്ടുമുൻപായിരുന്നു വിമാനം തകർന്നു വീണത്.
ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ സ്പോർട്സ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിച്ചത്. 'അജിത് ദാദ അമർ രഹേ', 'അജിത് ദാദ തിരിച്ചു വരൂ' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം വിതുമ്പി. അജിത് പവാറിന്റെ വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam