
റായ്പൂര്‍: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 9 മുതൽ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നു വീണ അജിത് ജോഗിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിചരിച്ചിരുന്നത്.
ശ്വാസ തടസം കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലായതിനാൽ തുടക്കം മുതൽ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്.
ഛത്തീസ്ഗഡ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി. 2 തവണ വീതം ലോക്സഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട് മുൻ ഐഎഎസ് ഓഫീസർ കൂടിയായ അജിത് ജോഗി. സംസ്ഥാന രൂപീകരണം മുതൽ 2007 വരെ സംസ്ഥാനത്തെ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചു. 2000ത്തിൽ മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപം കൊണ്ടപ്പോൾ, ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ സോണിയ ഗാന്ധിയുടെ പിന്തുണ അജിത് ജോഗിക്കായിരുന്നു. 2000 നവംബർ മുതൽ 2003 ഡിസംബർ വരെ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് അജിത് ജോഗി തുടര്‍ന്നു.
2003 ഡിസംബർ മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന ബിജെപി ഭരണത്തെ അട്ടിമറിക്കാൻ ബിജെപി എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്യുന്നത് ഒളിക്യാമറ വഴി പുറത്തായതോടെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 2004 ഏപ്രിൽ 30ന് നടന്ന കാറപകടത്തിൽ 2 കാലും നഷ്ടപ്പെട്ടതിന് ശേഷം വീൽചെയറിലായി. 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാസമുന്ദിൽ നിന്ന് വിജയിച്ച് ലോക്സഭാംഗമായി. 2008 – മാർവാഹി മണ്ഡലത്തിൽ നിന്നും നിയമസഭാംഗവുമായി. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചന്ദുലാൽ സാഹുവിനെതിരെ 133 വോട്ടിനാണ് പരാജയപ്പെട്ടത്.
2016ൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് അജിത് ജോഗിയെയും മകൻ അമിത് ജോഗിയെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. 2016 ജൂണിലാണ് അജിത് ജോഗിയും മകനും ചേര്‍ന്ന് ഛത്തീസ്ഗഡ് ജനത കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. ബിഎസ്പിയും സിപിഐയുമായി സഖ്യത്തിലേർപ്പെട്ട് 90 സീറ്റിലേക്കും 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും 5 സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. അജിത് ജോഗിയുടെ ഭാര്യ കോൺഗ്രസിലും മരുമകൾ ബിഎസ്പിയിലുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam