
മഹാരാഷ്ട്ര രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അജിത് പവാര്‍. അമ്മാവനായ ശരദ് പവാറിന്‍റെ നിഴലില്‍ നിന്ന് പുറത്ത് വന്ന് കിങ് മേക്കര്‍ സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വിമാന അപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത, അഞ്ച് തവണ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച് മഹാരാഷ്ട്രയില്‍ അനിഷേധ്യ നേതാവായിരിക്കെയാണ് മരണം. എന്‍സിപി പിളര്‍ത്താനും ഭൂരിപക്ഷത്തെ തന്‍റെ കൂടെ നിര്‍ത്താനും അധികാരം പിടിച്ചെടുക്കാനും അജിത് പവാറിനായി.
ശരദ് പവാറിന്റെ മൂത്ത സഹോദരന്‍ അനന്തറാവുവിന്‍റെയും ആശാതായിയുടെയും മകനായി പൂനെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് അജിത് പവാറിന്‍റെ ജനനം. 23-ാമത്തെ വയസില്‍ സജീവ രാഷ്ട്രീയത്തിലെത്തി. 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടു. എസ്എസ്എല്‍സിക്ക് ശേഷം വിദ്യാഭ്യാസം തുടരാനായില്ലെങ്കിലും ശരദ് പവാറിന്‍റെ നിഴലായി കൂടെനിന്നു.
1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് വിജയിച്ചെങ്കിലും ശരദ് പവാറിനായി സ്ഥാനം രാജിവെച്ചു. പിന്നീട് നിയമസഭയായി തട്ടകം. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് എംഎല്‍എയായി. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി തുടക്കമിട്ടു. പിന്നീട് അഞ്ച് തവണ ഉപമുഖ്യമന്ത്രിയായി. 2022-2023 സമയത്ത് പ്രതിപക്ഷ നേതാവുമായി.
2019ലാണ് അജിത് പവാര്‍ ആദ്യം ഞെട്ടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടായതോടെ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുത്ത്, അജിത് പവാര്‍ ഫഡ്നാവിസിനൊപ്പം ചേര്‍ന്നു. 2019 നവംബര്‍ 23ന് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഫഡ്നാവിസ് മുഖ്യമന്ത്രിയുമായി. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വിശ്വാസ വോട്ടെടുപ്പ് വന്നതോടെ ഇരുവരും സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യം ഭരണമേറ്റെടുത്തതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍, 2022ല്‍ ഓപ്പറേഷന്‍ താമരയിലൂടെ ശിവസേന പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി. ഇക്കാലയളവിലാണ് അജിത് പവാര്‍ പ്രതിപക്ഷ നേതാവായത്.
2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. ഇതിനിടെ എന്‍സിപിയില്‍ അധികാരത്തര്‍ക്കം ഉടലെടുത്തു. സുപ്രിയാ സുലെ, ശരദ് പവാര്‍, അജിത് പവാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടിയിലെ നീക്കം. 2023 ജൂലൈ 2ന് എല്ലാവരെയും ഞെട്ടിച്ച് അജിത് പവാര്‍ എൻസിപി പിളർത്തി. അന്ന് ശരദ് പവാറിന്‍റെ തീരുമാനത്തെ അവഗണിച്ച അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന-ബിജെപി സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയാകുകയും എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ തന്‍റെ ഒപ്പം ചേര്‍ക്കുകയും ചെയ്തു.
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയായിരുന്നു എൻസിപിയിലെ പിളർപ്പ്. ഇതോടെ ശരദ് പവാറിന്‍റെ ശക്തി ക്ഷയിക്കുകയും അജിത് പവാര്‍ കരുത്തനാകുകയും ചെയ്തു. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും എൻസിപി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗവും ഒന്നിക്കുമെന്ന അഭ്യൂഹമുണ്ടായെങ്കിലും ചിലയിടത്ത് മാത്രം സഖ്യമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam