
മുംബൈ: അധികാരമേറ്റ് ഒരുമാസത്തിന് ശേഷം മഹാരാഷ്ട്രയില്‍ മന്ത്രിസഭ വികസിപ്പിക്കുന്നു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി രണ്ടാമതും തിരിച്ചെത്തുന്നുവെന്നാണ് പ്രത്യേകത. ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ ആറ് പേരെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകാനൊരുങ്ങുന്നത്.
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇരുവരും രാജിവെച്ചു. ബിജെപിയുമായുള്ള സഖ്യം പൊളിഞ്ഞതോടെ അജിത് പവാര്‍ എന്‍സിപിയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെയും ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെങ്കിലും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പൊതുമരാമത്ത് മന്ത്രിയായി ചുമതലയേല്‍ക്കും. പൃഥിരാജ് ചവാന് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല.
സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആറ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ശിവസേന നേതാക്കളായ ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍സിപി നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്പല്‍, കോണ്‍ഗ്രസിന്‍റെ ബാലാസാഹേബ് തോറട്ട്, നിതിന്‍ റാവത്ത് എന്നിവരാണ് നേരത്തെ ചുമതലയേറ്റത്. 42 മന്ത്രിമാരെയാണ് പരമാവധി ഉള്‍പ്പെടുത്താനാകുക. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി പിളര്‍ത്തി ബിജെപിയോടൊത്ത് സഖ്യമുണ്ടാക്കിയ അജിത് പവാറിനെ വീണ്ടും ഉപമുഖ്യമന്ത്രിയാക്കുന്നത് ശരദ് പവാറിന്‍റെ രാഷ്ട്രീയ തന്ത്രമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പാര്‍ട്ടിയില്‍ ഇപ്പോഴും അജിത് പവാറിന് കരുത്തുണ്ടെന്നാണ് ശരദ് പവാര്‍ കരുതുന്നത്. ബിജെപിയോട് സഖ്യമുണ്ടാക്കിയത് ശരദ് പവാര്‍ അറിഞ്ഞിട്ടാണെന്ന അജിത് പവാറിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. അജിത് പവാറിന്‍റെ പ്രസ്താവന തള്ളിയാണ് ശരദ് പവാര്‍ മഹാവികാസ് അഗാഡിക്കൊപ്പം നിലയുറപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam