'കര്‍ഷകരെ വഞ്ചിച്ചു'; പത്മവിഭൂഷന്‍ പുരസ്‌കാരം തിരിച്ചു നല്‍കി പ്രകാശ് സിംഗ് ബാദല്‍

By Web TeamFirst Published Dec 3, 2020, 3:05 PM IST
Highlights

കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കായിക താരങ്ങളും പരിശീലകരും മുന്നറിയിപ്പ് നല്‍കി
 

ഛണ്ഡീഗഡ്: രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ തിരിച്ചു നല്‍കി ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍. സമരം ചെയ്യുന്ന കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരികെ നല്‍കുന്നത്. സമരത്തില്‍ താനും പങ്കുചേരുകയാണെന്നും കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ബാദല്‍ ആരോപിച്ചു. 2015ലാണ് പ്രകാശ് സിംഗ് ബാദലിന് പത്മവിഭൂഷന്‍ ലഭിക്കുന്നത്.

കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് അകാലിദള്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് വിട്ടിരുന്നു. കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഡിസംബര്‍ അഞ്ചിന് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കായിക താരങ്ങളും പരിശീലകരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ ഏറെ നാളായി സമാധാനപരമായിട്ടാണ് സമരം നടത്തിയത്. എന്നാല്‍ ജലപീരങ്കികളും ഷെല്ലുകളുമാണ് അവര്‍ക്കെതിരെ ഉപയോഗിച്ചത്- ഹോക്കി മുന്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സജ്ജന്‍ സിംഗ് ചീമ പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ദില്ലിയില്‍ ഇന്ന് രണ്ടാം വട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. 

click me!