
ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരത്ത് എത്തും. രാമേശ്വരം കന്യാകുമാരി ഉൾപ്പടെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ഒരു ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തീരമേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു.
നിവാറിൻ്റെ ഭീതി ഒഴിഞ്ഞ് ദിവസങ്ങൾക്കകം ബുറേവി കൂടി എത്തുന്നതിൻ്റെ ആശങ്കയിലാണ് തമിഴ്നാട്. തൂത്തുക്കുടി തീരത്തോട് ചേർന്ന് കന്യാകുമാരിക്കും പാമ്പൻ തീരത്തിനുമിടയിൽ കര തൊടുമെന്നാണ് മുന്നറിയിപ്പ്. കര തൊടുമ്പോൾ 75 മുതൽ 85 കിമി വരെയാണ് വേഗമുണ്ടാവുക. ഇതിനാൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
എന്നാൽ തെക്കൻ ജില്ലകളിലെല്ലാം കനത്ത മഴ പെയ്യുന്നുണ്ട്. കന്യാകുമാരി, രാമനാഥപുരം, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി ഉൾപ്പടെ വടക്കൻ മേഖലയിലും ഒറ്റപ്പെട്ട മഴയുണ്ട്. തീരമേഖലയിൽ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാർപ്പിച്ച് കഴിഞ്ഞു. നാലായിരത്തോളം ക്യാമ്പുകൾ സജ്ജീകരിച്ചു.
തമിഴ്നാട് റവന്യൂ മന്ത്രി തെക്കൻ മേഖലയിൽ ക്യാമ്പ് ചെയ്താണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയെ തീരമേഖലയിൽ വിന്യസിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി നാവിക വ്യോമസേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ പരമാവധി പുറത്തിറങ്ങരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam