
ദില്ലി: ഒക്ടോബർ 20-ന് ദീപാവലി ദിനത്തിൽ ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ആകാശ എയർ വിമാനത്തിൽ കയ്യാങ്കളി നടന്നതായി വിവരം. യാത്രക്കാരൻ അനിയന്ത്രിതമായി പെരുമാറിയെന്നും ഇതേ തുടർന്ന് വിമാന ജീവനക്കാർക്ക് ഇയാളെ ബലംപ്രയോഗിച്ച് പിടിച്ചുനിർത്തേണ്ടി വന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആകാശ എയർ QP 1599 വിമാനത്തിൽ ദീപാവലി ദിനത്തിലാണ് സംഭവം നടന്നത്.
വിമാനക്കമ്പനി വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരൻ വിമാനത്തിനുള്ളിൽ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചുവെന്നും സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് ആകാശ എയറിൻ്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഇതേ തുടർന്ന് ഇയാൾക്കെതിരെ വിമാന ജീവനക്കാർക്ക് ബലംപ്രയോഗിക്കേണ്ടി വന്നുവെന്നും ഇവർ സ്ഥിരീകരിച്ചു. വ്യോമയാന ചട്ടങ്ങൾ അനുസരിച്ച് യാത്രക്കാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.