പള്ളിയും അമ്പലവും നവീകരിക്കാൻ സർക്കാരിനോട് പത്ത് കോടി ആവശ്യപ്പെട്ട് അക്ബറുദ്ദീൻ ഒവൈസി

By Web TeamFirst Published Feb 10, 2020, 12:03 PM IST
Highlights

ഓൾഡ് സിറ്റിയിലെ അഫ്സൽഗുഞ്ജ് പള്ളിയും സിംഹ വാഹിനി മഹാകാളി ക്ഷേത്രവും മോടിപിടിപ്പിക്കാൻ ആണ് ഒവൈസി പണമനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. 

മുംബൈ: ഹൈദരാബാദ് നഗരത്തിലെ ആരാധനാലയങ്ങൾ മോടിപിടിപ്പിക്കാൻ തെലങ്കാന സർക്കാരിനോട് 10 കോടി രൂപ ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഒവൈസി. ഓൾഡ് സിറ്റിയിലെ അഫ്സൽഗുഞ്ജ് പള്ളിയും സിംഹ വാഹിനി മഹാകാളി ക്ഷേത്രവും മോടിപിടിപ്പിക്കാൻ ആണ് ഒവൈസി പണമനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അപേക്ഷ സമർപ്പിച്ചുവെന്ന് ഒവൈസി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും, ആവശ്യങ്ങൾക്കുള്ള പണം ഉടനേ അനുവദിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ക്ഷേത്രത്തിലെ സ്ഥലപരിമിതി മൂലം ഭക്തർ വളരെയധികം  ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അക്ബറുദ്ദീൻ ഒവൈസി വ്യക്തമാക്കി. നൂറിലധികം വർഷങ്ങളുടെ പഴക്കവും ചരിത്രവുമുള്ള ക്ഷേത്രമാണ് സിംഹവാഹിനി മഹാകാളി ക്ഷേത്രം. നൂറ് സ്ക്വയർ യാർഡ് ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിൽ ഇടുങ്ങിയ സ്ഥലം ഭക്തർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒവൈസി സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. ക്ഷേത്രത്തിന്റെ വിപുലീകരണമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതുപോലെ തന്നെ അഫ്സൽ​ഗുഞ്ച് മോസ്കിന്റെ നവീകരണത്തിനായി മൂന്ന് കോടിയാണ് ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. മോസ്കിലെ മോശം അവസ്ഥ മൂലം പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുന്നുണ്ടെന്ന് ഒവൈസി പറയുന്നു. അക്ബറുദ്ദീൻ ഒവൈസിയുടെ അഭ്യർത്ഥന മാനിച്ച് രണ്ട് ആരാധനാലയങ്ങളുടെയും വിഷയത്തിൽ അനുകൂലമായ നടപടി എടുക്കാൻ ചീഫ് സെക്രട്ടറി സോമേഷ് കുമാറിനോട് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 

click me!