മുംബൈ ഗോരേഗാവിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി. സംഭവത്തിൽ ഒരു സ്ത്രീക്കും ബലൂൺ വിൽപ്പനക്കാരനും പൊള്ളലേറ്റു, ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  

മുംബൈ: മുംബൈയിലെ ഗോരേഗാവിലുള്ള ഒരു കെട്ടിടത്തിലെ ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം. ലിഫ്റ്റിലുണ്ടായിരുന്ന ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.കെട്ടിടത്തിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വെളുത്ത ഷർട്ട് ധരിച്ച ഒരു സ്ത്രീ ട്രോളി ബാഗുമായി ആദ്യം ലിഫ്റ്റിൽ കയറി ബട്ടൺ അമർത്തുന്നു. തൊട്ടുപിന്നാലെ വലിയ പ്ലാസ്റ്റിക് കവറിൽ നിറയെ ബലൂണുകളുമായി ഒരാൾ ലിഫ്റ്റിലേക്ക് പ്രവേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ബലൂൺ വിൽപ്പനക്കാരന് പിന്നാലെ മറ്റൊരു യുവാവ് കൂടി ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് നിമിഷങ്ങൾക്കുള്ളിൽ ബലൂണുകൾ അഗ്നിഗോളമായി മാറിയത്. സ്ഫോടനത്തോടെ ഉയർന്ന തീജ്വാലകൾ ലിഫ്റ്റിനുള്ളിൽ പൂർണ്ണമായും പടർന്നു. സിസിടിവി ദൃശ്യങ്ങൾ പോലും മറയ്ക്കുന്ന രീതിയിൽ തീ ആളിപ്പടരുന്നതും യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ ബലൂൺ വിൽപ്പനക്കാരനും ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ബലൂണുകളിൽ ഏത് തരം വാതകമാണ് നിറച്ചിരുന്നതെന്ന് വ്യക്തമല്ല. സാധാരണയായി ഉപയോഗിക്കുന്ന ഹീലിയം വാതകം കത്തുന്നതല്ല. എന്നാൽ വിലക്കുറവിൽ ലഭിക്കുന്ന ഹൈഡ്രജൻ വാതകം അതിവേഗം തീപിടിക്കുന്നതാണ്. ഇതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അശ്രദ്ധയ്ക്ക് ബലൂൺ വിൽപ്പനക്കാരനെതിരെ പോലീസ് കേസെടുത്തു.