പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി അഖിലേഷ് യാദവ്

By Web TeamFirst Published Jan 12, 2020, 6:38 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ച സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഫിറോസാബാദില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുംബങ്ങളെ സന്ദർശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഒരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം കൈമാറിയ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നബി ജാന്‍, റാഷിദ്, അര്‍മാന്‍, മുഹമ്മദ് ഹാരൂണ്‍, മക്കീം ഖുറേഷി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളിലാണ് അഖിലേഷ് യാദവ് സന്ദർശനം നടത്തിയത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം താനും തന്റ പാർട്ടിയും നിലകൊള്ളുമെന്നും അഖിലേഷ് യാദവ് ഉറപ്പ് നൽകി. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ച സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവ് വീടുകൾ സന്ദർശിച്ച് തുക കൈമാറിയത്. ലഖ്നൗവിലെയും കാണ്‍പൂരിലെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തി. പ്രതിഷേധത്തിനിടെ ലഖ്നൗവില്‍ ഒരാളും കാണ്‍പൂരില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടിരുന്നത്. 

Read Also: 'പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍'; വാഗ്ദാനവുമായി എസ്‍പി

അതേസമയം, കണ്ണൗജില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച സംഭവത്തില്‍ അഖിലേഷ് ദു:ഖം രേഖപ്പെടുത്തി. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
 

click me!