നൂപുർ ശർമയെ 'നീതിക്ക് മുന്നിൽ കൊണ്ടുവരണം'; വീണ്ടും ഭീഷണിയുമായി അൽഖ്വയ്ദ

By Web TeamFirst Published Aug 15, 2022, 9:22 PM IST
Highlights

മതനിന്ദ ആരോപിച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ യുഎസിൽ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അൽഖ്വയ്ദയുടെ ഭീഷണി ​ഗൗരവമായിട്ടാണ് ഇന്റലിജൻസ് ഏജൻസികൾ കാണുന്നത്.

ദില്ലി: മതനിന്ദ ആരോപിച്ച് നൂപുർ ശർമയെ നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്ന് ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഘടകം ആഹ്വാനം ചെയ്തു.  പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുടെ ഘടകമായ നവഇ ഘവാഇ ഹിന്ദിന്റെ മുഖപത്രമാണ് നൂപുർ ശർമക്കെതിരെ പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്തത്. ജിഹാദിനെ എതിർക്കുന്നവർക്കെതിരെയും കശ്മീരിലെ ജിഹാദിന് വേണ്ടിയും ആയുധമെടുക്കാനും മുഖപത്രം ആഹ്വാനം ചെയ്തു. അൽഖ്വയ്ദ തലവൻ ഉസാമ ബിൻലാദൻ, അയ്മൻ സവാഹിരി എന്നിവരുടെ ചിത്ര സഹിതമായിരുന്നു പ്രസ്താവന. 

മതനിന്ദ ആരോപിച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ യുഎസിൽ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അൽഖ്വയ്ദയുടെ ഭീഷണി ​ഗൗരവമായിട്ടാണ് ഇന്റലിജൻസ് ഏജൻസികൾ കാണുന്നത്. നേരത്തെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദയുടെ മറ്റൊരു ഘടകമായി എക്യുഐഎസും നൂപുർ ശർമക്കെതിരെ ഭീഷണിമുഴക്കിയിരുന്നു.  മുഖപത്രമായ അസ്-സാഹബിലാണ് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന ഇറക്കിയത്. ദില്ലി, ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്നും എക്യുഐഎസ് ഭീഷണി മുഴക്കിയിരുന്നു. പ്രവാചകന്റെ മഹത്വത്തിനായി ജീവൻ ബലിയർപ്പിക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്ന എക്യുഐഎസ് തലവൻ അസിം ഉമറിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജസ്ഥാനിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണം: പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എ, രാജിവെച്ചു

നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഉദയ്പൂർ തയ്യൽക്കാരൻ കനയ്യ ലാൽ, അമരാവതി ഫാർമസിസ്റ്റ് ഉമേഷ് കോൽഹെ എന്നിവരുടെ കൊലപാതകത്തിന് പിന്നാലെയാണ് നവ ഇ-ഗസ്‌വഇ-ഹിന്ദ് വഴിയുള്ള ഭീഷണി. നൂപുർ ശർമ അജ്ഞാത കേന്ദ്രത്തിൽ പൊലീസ് സംരക്ഷണയിലാണ് കഴിയുന്നത്. വർധിച്ചുവരുന്ന ഭീഷണികൾ കണക്കിലെടുത്ത് അധികൃതർ സുരക്ഷ ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം നൂപുർ ശർമക്കെതിരെയുള്ള എല്ലാ എഫ്ഐറുകളും ഏകോപിപ്പിച്ച് അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു.  

click me!