പ്രതിഷേധങ്ങളെ വകവെച്ചില്ല, ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിൻ്റെ നിർണായക നീക്കം; 47 വർഷത്തെ വിലക്ക് മായ്‌ച്ചു, ഇനി മദ്യം വിൽക്കാം

Published : Jun 08, 2026, 11:19 PM IST
Lakshadweep

Synopsis

ദശാബ്ദങ്ങളായി ലക്ഷദ്വീപിൽ നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം വികസനം ലക്ഷ്യമിട്ട് 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' പ്രാബല്യത്തിൽ വരുത്തിയതോടെ, കർശനമായ ലൈസൻസിങ് വ്യവസ്ഥകളോടെ മദ്യത്തിന്റെ ഉത്പാദനവും വിൽപ്പനയും അനുവദിക്കും. ഈ തീരുമാനത്തിനെതിരെ ദ്വീപിൽ ശക്തമായ എതിർപ്പും ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം: ലക്ഷദ്വീപിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം റദ്ദാക്കിയത്. ഇതോടെ, കഴിഞ്ഞ 47 വർഷമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനത്തിനാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ അവസാനമായിരിക്കുന്നത്. ജൂൺ 5-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം 'ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026' പ്രാബല്യത്തിൽ വന്നു.

മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, കടത്ത്, വിൽപ്പന, ഉപഭോഗം എന്നിവ ഇനിമുതൽ കർശനമായ ലൈസൻസിങ് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കുമെന്നാണ് പുതിയ നിയമം. സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്കും ഏജൻസികൾക്കും മദ്യം ഇറക്കുമതി ചെയ്യാനും റീട്ടെയിൽ വിൽപ്പന നടത്താനുമുള്ള ലൈസൻസ് ലഭിക്കും. മദ്യത്തിന് വലിയ തോതിലുള്ള എക്സൈസ് ഡ്യൂട്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനും ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനും 400%, ബിയറിന് 200%, വൈനിന് 80% എന്നിങ്ങനെയാണ് എക്സൈസ് നികുതി നിശ്ചയിച്ചിരിക്കുന്നത്.

21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മദ്യവിൽപ്പന പൂർണ്ണമായും തുറന്നുവിട്ട ഒരു വിപണിയല്ല ലക്ഷദ്വീപിൽ വരുന്നത്. മദ്യപാനം നിയന്ത്രിക്കാനും, കൈവശം വെക്കാവുന്ന അളവ് നിശ്ചയിക്കാനും, ആവശ്യമെങ്കിൽ ദ്വീപിന്റെ ഏതെങ്കിലും ഭാഗത്ത് വീണ്ടും മദ്യനിരോധനം ഏർപ്പെടുത്താനുമുള്ള പൂർണ്ണ അധികാരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായിരിക്കും.

ലക്ഷദ്വീപിനെ പ്രമുഖ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വലിയ മാറ്റം. മാലദ്വീപ് പോലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കുമ്പോൾ മദ്യ ലഭ്യതയ്ക്കുള്ള നിയന്ത്രണം ലക്ഷദ്വീപിന് തിരിച്ചടിയാകുന്നു എന്ന വിലയിരുത്തലിലാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. ടൂറിസം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഫെബ്രുവരിയിൽ ചില ദ്വീപുകളിലെ സർക്കാർ ഗസ്റ്റ് ഹൗസുകളിൽ മദ്യം നൽകുന്നത് അനുവദിച്ചിരുന്നു.

97 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ, മതപരവും സാംസ്കാരികവുമായ തനിമ നിലനിർത്തുന്നതിനായി 1979 ലാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. ബങ്കാരം, കവരത്തി തുടങ്ങിയ ചില പ്രത്യേക വിനോദസഞ്ചാര ദ്വീപുകളിലെ റിസോർട്ടുകളിൽ മാത്രമാണ് ഇതിനുമുമ്പ് വിദേശ വിനോദസഞ്ചാരികൾക്കായി പരിമിതമായ തോതിൽ മദ്യം അനുവദിച്ചിരുന്നത്. പൊതുജനങ്ങളുടെയും പ്രാദേശിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ എതിർപ്പുകളെയും പ്രതിഷേധങ്ങളെയും മറികടന്നാണ് ഇപ്പോൾ ദശാബ്ദങ്ങൾ പഴക്കമുള്ള ഈ നിയമം കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നത്. പ്രാദേശിക സമൂഹത്തിന്റെ അനുമതിയില്ലാതെ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് യുവതലമുറയെ മദ്യപാനത്തിലേക്ക് നയിക്കുമെന്നും ദ്വീപിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഹംദുള്ള സയീദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈ പോക്കാണെങ്കിൽ വൈകാതെ കാറിനുള്ളിലായിരിക്കും യോഗം നടക്കുക'; ഇന്ത്യ സഖ്യത്തെ പരിഹസിച്ച് ബിജെപി
ആന്ധ്രയിൽ സ്റ്റീൽ പ്ലാൻ്റിൽ അപകടം; എട്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്