അലിഗഡ് ബാലികയുടെ വധം: കേസ് ഏറ്റെടുക്കില്ലെന്ന് അഭിഭാഷകർ

By Web TeamFirst Published Jun 8, 2019, 3:02 PM IST
Highlights

പതിനായിരം രൂപയുടെ പേരിൽ രണ്ടര വയസുകാരിയായ ബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഉറച്ച നിലപാടുമായി അഭിഭാഷകർ

അലിഗഡ്: രാജ്യമൊട്ടാകെ വൻ പ്രതിഷേധത്തിന് കാരണമായ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ അലിഗഡ് സംഭവത്തിൽ ഉറച്ച നിലപാടുമായി പൊലീസ്. സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് വേണ്ടി കേസ് ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് അലിഗഡിലെ ബാർ അസോസിയേഷൻ തീരുമാനിച്ചു. അതേസമയം സംഭവത്തിൽ മറ്റ് രണ്ട് പ്രതികളെ കൂടി ഇന്ന് പിടികൂടി.

കേസിൽ മുഖ്യപ്രതിയുടെ ഭാര്യയും സഹോദരനുമാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. അതേസമയം അലിഗഡ് ബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് കൗശികാണ് പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ അസോസിയേഷന് കീഴിലെ ഒരു അഭിഭാഷകനും കേസ് ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ, പുറത്ത് നിന്നുള്ള മറ്റൊരു അഭിഭാഷകനെയും പ്രതികൾക്ക് വേണ്ടി വാദിക്കാൻ കോടതിയിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച കുഞ്ഞിന്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ രണ്ടിനാണ് അലിഗഡിലെ തപ്പൽ നഗരത്തിൽ രണ്ടര വയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ഇരു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു. മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്നും തെരുവു നായ്ക്കൾ മൃതശരീരം കടിച്ച് പുറത്തിട്ടപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. മെയ് 31 ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നതാണ്. 

പതിനായിരം രൂപയുടെ പേരിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായ സഹീദ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ പക്കൽ നിന്നും പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഹീദ് കുടുംബത്തെ ഭീഷണിപ്പെടുത്തി. പിന്നീട് മകളെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.

click me!