തെരഞ്ഞെടുപ്പ് തോല്‍വി, കോണ്‍ഗ്രസില്‍ തമ്മിലടി; ചുമതലയേറ്റെടുക്കാതെ സിദ്ദു

By Web TeamFirst Published Jun 8, 2019, 2:51 PM IST
Highlights

പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു.

ഛണ്ഡീഗഢ്: പഞ്ചാബ്  കോണ്‍ഗ്രസിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്‍ജ്യോത് സിങ്  സിദ്ദു. നവ്‍ജോത് സിംഗ് സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയതിന് ശേഷം പകരം നല്‍കിയ വൈദ്യുതി, ഊര്‍ജ്ജ വകുപ്പിന്‍റെ ചുമതലയാണ് സിദ്ദു ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്.

പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണ വകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്‍റെ തലയിൽ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്‍ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയത്. 

ആകെയുള്ള 13 ലോക്സഭാ സീറ്റുകളിൽ 8 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ ഗ്രാമീണമേഖലകളിൽ നിന്നാണ് കോൺഗ്രസിന് വോട്ട് ലഭിച്ചത്. നഗരമേഖലകളിൽ നല്ല വിജയം നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അതേസമയം തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി സിദ്ദു ഇന്ന് ദില്ലിയിലെത്തി ഹൈക്കമാന്‍ഡിനെ സന്ദര്‍ശിക്കും. 

click me!