
ദില്ലി: റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട് സംഘടനകള്‍ പിന്മാറി. സമരത്തിന്‍റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിസാന്‍ മസ്ദൂര്‍ സംഘട്ടന്‍, ബികെയു ഭാനു എന്നീ സംഘടനകളുടെ പിന്മാറ്റം.
കര്‍ഷക സമരത്തില്‍ തുടക്കം മുതല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച സംഘടനകളാണ് പിന്മാറുന്നത്. 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്‍റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയുമാണ് പിന്മാറിയത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്നത് തെമ്മാടിത്തമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു.
എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോർച്ച ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.
അതേ സമയം പാര്‍ലമെന്‍റ് മാര്‍ച്ചിൽ തീരുമാനമെടുക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം സിംഘുവില്‍ തുടരുകയാണ്.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തിരിച്ചടിയായ സാഹചര്യത്തിലാണ് തിങ്കളാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്തണോയെന്ന ആലോചന സംയുക്ത കിസാന്‍ മോര്‍ച്ചയിലുണ്ടായത്. മാര്‍ച്ച് വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗമെങ്കിലും പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ നിന്ന് പിന്മാറേണ്ടന്നാണ് ഭൂരിപക്ഷത്തിന്‍റെ നിലപാട്.
അതിനിടെ ദില്ലിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസും രംഗത്തെത്തി. ദില്ലി സംഘർഷത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണെന്നും ക്രമസമാധാനപാലനത്തിൽ അമിത് ഷായ്ക്ക് വീഴ്ച യുണ്ടായെന്നും രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ചെങ്കോട്ടയിൽ സമരക്കാർ കയറിയപ്പോൾ പൊലീസ് നോക്കി നിന്നു. കർഷകരുടെ സമരം സമാധാനപരമായിരുന്നു. സമരം എങ്ങനെ അക്രമാസക്തമായെന്ന് വ്യക്തമാക്കണമെന്നും സമരക്കാരക്കാരെ മാറ്റാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്നും കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam