
ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയായി കോൺഗ്രസ് ഇന്ന് ദില്ലിയില്‍ സത്യഗ്രഹം നടത്തും. ജന്തർമന്തറില്‍ രാവിലെ പതിനൊന്ന് മണിക്ക് സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരത്തില്‍ എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരുമായടക്കം വിശദമായ കൂടിയാലോചന നടത്തിയതിന് ശേഷമേ പദ്ധതി നടപ്പാക്കാവൂയെന്നും താല്‍കാലികമായി നിർത്തി വയ്ക്കണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം. കേരളത്തില്‍നിന്നുള്ള എംപിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം രാജ്യമാകെ ഉയരുമ്പോൾ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. അഗ്നിപഥ് പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെയും രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
അഗ്നിപഥ് പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷം, പദ്ധതി നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി
പഞ്ചാബിലെ ലുധിയാനയില്‍ റെയില്‍വെ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഹരിയാനയിലെ മഹേന്ദർഗഡില്‍ വാഹനം കത്തിച്ചു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഇതുവരെ 620 പേരെ അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശില്‍ 260 ഉം, തെലങ്കാനയില്‍ നൂറും പ്രതിഷേധക്കാർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരുടെ വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക പരിശീലന കേന്ദ്രങ്ങൾക്ക് പ്രക്ഷോഭത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അക്രമം വ്യാപകമായതോടെ രാജ്യത്താകെ 369 ട്രെയിനുകൾ റദ്ദാക്കി. ഇതില്‍ അറുപതും ബിഹാറിലാണ്. സെക്കന്തരാബാദ് പ്രതിഷേധത്തിലെ പ്രധാന ആസൂത്രകന്‍ എന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തു. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്ത് ആസൂത്രിതമായാണ് പ്രതിഷേധം നടന്നതെന്നാണ് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട്. റെയില്‍വേയ്ക്ക് ഇരുപത് കോടിയുടെ നാശനഷ്ടമുണ്ടായി. പൊലീസ് വെടിവെയ്പ്പില്‍ മരിച്ച രാകേഷിന്‍റെ വിലാപയാത്രയ്ക്കിടെ ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണശ്രമം നടന്നു.
അഗ്നിപഥ് പ്രതിഷേധം കേരളത്തിലും; 'പദ്ധതി ഉപേക്ഷിക്കുക' മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ
ചെന്നൈയിലും കര്‍ണാടകയിലെ ധാര്‍വാഡിലും പ്രതിഷേധമുണ്ടായി. അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ പ്രക്ഷോഭം ശക്തമാണ്. ഇവിടെയാണ് വ്യാപകമായി അക്രമസംഭവങ്ങൾ നടന്നതും. ദക്ഷിണേന്ത്യയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും പ്രതിഷേധം സമാധാനപരമാണ്. ദക്ഷിണേന്ത്യയിൽ സെക്കന്തരാബാദിൽ രണ്ടാം ദിവസം പ്രതിഷേധം ട്രെയിൻ കത്തിക്കൽ അടക്കം അക്രമങ്ങളിലേക്ക് വഴി തിരിഞ്ഞെങ്കിലും പൊലീസ് ശക്തമായി ഇടപെട്ടതോടെ സ്ഥിതി ശാന്തമാണ്. ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ കുഴഞ്ഞുവീണ യാത്രക്കാരൻ ഇന്നലെ മരിച്ചിരുന്നു. രാജ്യവ്യാപക പ്രതിഷേധം തുടരുമ്പോഴും റിക്രൂട്ട്മെന്‍റ് നടപടികളുമായി മുന്നോട്ടു പോകാൻ സേനകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam